Sunday 18 November 2007

എറുമ്പ്

ഈ നശിച്ച സാധനം.....ദേഷ്യം വരുന്നുണ്ട്....എന്ത് കടിയാ ഈ കടിക്ക്ണേ....ഇവനൊന്നും എന്നെ ശരിക്കറിഞ്ഞു കൂടാ...ഇവനെ പോലത്തെ എത്ര എണ്ണത്തെ ഞാന്‍ നിലംപരിശാക്കിയിരിക്ക്ണൂ...അതു വല്ലതും ഇതിനറിയുമോ.....

മനസംയമനം വീണ്ടെടുത്ത് ആ എറുമ്പിന്‍റ്റെ അടുത്തേക്കു ചുണ്ടടുപ്പിച്ചു ഞാന്‍ പറഞ്ഞ് നോക്കി.... എടോ നിന്നെ പോലുള്ള നൂറുകണക്കിന്‌ എറുമ്പുകളെയും ഈച്ചകളേയും പാറ്റകളെയും കാലപുരിക്കയചിട്ടുള്ളതാണ്‌ ഞാന്‍.അതുകൊണ്ട് ജീവന്‍ വേണമെങ്കില്‍ കടി നിര്‍ത്തി....ഓടിരക്ഷപ്പെട്ടോളു...

ഇത്രയൊക്കെ പറഞ്ഞിട്ടും അവനൊരു കുലുക്കോമില്ല...ഇവനൊക്കെ ആരെടെ എന്ന മട്ടില്‍ പഴയതിലും തീവ്രമായി കടി തുടരുന്നു...മഹാപാപി....

നാശം....ഇന്നു പരീക്ഷയായിപ്പോയി....

കഴിഞ്ഞ പ്രാവശ്യം പരീക്ഷക്കു പൊക്ണേലും മുന്‍പ്‌ ഒരു പട്ടിയെ കല്ലെടുത്തെറിഞ്ഞതോണ്ടാണ്‌ അതു വരെ ക്ലാസ്സില്‍ ഫസ്റ്റായിരുന്ന എന്നെ ആ മീനാക്ഷി വെട്ടിച്ചത്.......ഇന്നേതായാലും അത്ണ്ടാവരുത്.....പക്ഷേ....ഈ എറുമ്പ് എന്‍റ്റെ കണ്‍ട്രോള്‍ കളയുംന്നാ തോന്നുന്നേ.......

ഒരു അയിഡിയാ തലയില്‍ ക്ലിക്കിയിതപ്പോഴാണ്.....

അകലെ കിടന്നിരുന്ന കമ്പെടുത്ത് എറുമ്പിനെ പതുക്കെ അടര്‍ത്തി എറിഞ്ഞു...എന്തായാലും കടി നില്‍ക്കുമല്ലോ....

അപ്പോഴാണ്‌ അനേകായിരം എറുമ്പുകളുടെ കൊലയാളിയെ കടിച്ചെന്ന മട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അവനെന്‍റ്റെ കണ്ണില്‍പ്പെട്ടത്‌.... അതിനെ നോക്കി പല്ലിറുക്കാനേ എനിക്കു കഴിഞ്ഞുള്ളൂ....കാരണം ഇന്നു പരീക്ഷയല്ലേ................

Wednesday 31 October 2007

പാചകം

കല്ല്യാണത്തിനു മുന്‍പ് ഒരാഴ്ച ലീവെടുത്ത് ബാംഗ്ലൂര്‍ നിന്നും വീട്ടിലെത്തിയത് പാചകം പഠിക്കാനാണ്..പരിപ്പു കുത്തിക്കാച്ചുക,ചായ വെയ്ക്കുക എന്നിങ്ങനെയുള്ള മിനിമം വിവരങ്ങള്‍ പോലും പാചകത്തിലില്ലാത്ത ആളാണ്‌ ഞാനെന്നറിഞ്ഞ എന്‍ടെ വുഡ്ബി തന്നെയാണ്‌ പാചകം പഠിക്കുക എന്ന ദൌത്യവുമായി എന്നെ വീട്ടിലേക്ക് പറഞ്ഞയച്ചത്....എന്നെ പാചകം പഠിപ്പിക്കുക എന്ന ശ്രമകരവും ദുഷ്കരവുമായ ദൌത്യം എന്‍ടെ അമ്മ എറ്റെടുത്തു...

മീങ്കറിയാണ്‌ പുള്ളിയുടെ ഇഷ്ട വിഭവം....ഏങ്കില്‍ അതില്‍ നിന്നു തന്നെ തുടങ്ങാം....അതും പറഞ്ഞുകൊണ്ട് അമ്മ ഒരു ചട്ടി നിറയെ മത്തി(ചാള) എടുത്ത് അതില്‍ രണ്ടെണ്ണം നല്ല അസ്സലായി നന്നാക്കി തന്നു..ബാക്കിയുള്ളവ എന്നെ ഏല്‍പ്പിച്ച് അടുക്കളയിലേക്കു വലിഞ്ഞു....ഞാന്‍ അവയെ ആദ്യമായി കാണുന്ന പോലെ തലങ്ങും വിലങ്ങും പരിശോദിച്ചു....എന്നിട്ട് എന്‍ടെ പരീക്ഷണങ്ങള്‍ ആരംഭിച്ചു....ഒരു നാലു മണിക്കൂര്‍ നേരമങ്ങിനെ കടന്നു പോയി....ഞാനെന്‍ടെ ദൌത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു...അമ്മ നന്നാക്കിയ രണ്ടു ചാളക്കുട്ടന്മാര്‍ സുന്ദരന്മാരായിരിക്കുന്നു...എന്‍ടെ ചാളകുട്ടന്മാര്‍ക്കു അമ്മേടേന്‍ടെ പകുതി വലിപ്പമേ ഉള്ളു..മാത്രമോ ഒന്നിനും ഒരു ഉശിരുമില്ല...അവയുടെ എല്ലാ സെല്ല്സും ഇളകി ആകെ അഴകൊഴ എന്നിരിക്കുന്നു......

എന്‍ടെ പ്രയത്നവും കൊണ്ടു ഞാന്‍ അമ്മയുടെ അടുത്തേക്കു പൊയി...അമ്മ അതും കണ്ട് കണ്ണുതള്ളി നില്‍പായി...പാചകം പഠിക്കാനെന്ന പേരില്‍ വന്നെങ്കിലും മകള്‍ടെ തണുപ്പന്‍ സമീപനം കണ്ട് അമ്മയ്ക്കു ടെന്‍ഷനായി...

വീട്ടില്‍ അച്ചന്‌ ഭക്ഷണ കാര്യത്തില്‍ വലിയ വിവരമൊന്നുമില്ല....അമ്മ എന്തു കറിയുണ്ടാക്കിയാലും അതാണ്‌ ആ കറിയുടെ യഥാര്‍ത്ഥ സ്വാദെന്നാണ്‌ അച്ചന്‍ടെ വിശ്വാസം...അച്ചന്‍ അതു യഥാര്‍ത്ഥകറിയെനു കരുതി കഴിച്ചല്ലോ എന്ന ചരിതാര്‍ത്ഥ്യത്തില്‍ അമ്മയ്ക്കു സുഖമായി കിടന്നുറങ്ങാം.......

എന്നാല്‍ എന്‍ടെ കാര്യം അങ്ങിനെയല്ലാ..ഞാന്‍ പൊകുന്ന വീട്ടിലെ അച്ചന്‍ 5-സ്റ്റാര്‍ ഹോട്ടലിലെ ഷെഫ് അമ്മ നല്ല നാടന്‍ പാചകക്കാരി...എന്നൊക്കെ പറഞ്ഞ് എന്നെ ഉഷാറാക്കാന്‍ അമ്മ ഒരു വിഫലശ്രമം നടത്തി!!!!!ഞാനാണെങ്കില്‍ എന്തു 5 സ്റ്റാര്‍ എന്തു പാചകം എന്ന മട്ടില്‍ മന്ദിപ്പായിരിപ്പാണ്...അവസാനം നീയെന്നെ അവരുടെ മുന്നില്‍ നാണം കെടുത്തിയെട്ടേ അടങ്ങു..എന്നും പറഞ്ഞ് അമ്മ മറ്റു പണികളിലേക്കു കടന്നു...

ലോകത്തിലെ ആളുകളെ രണ്ടായി തിരിക്കാം...കാര്യങ്ങള്‍ കണ്ടറിയുന്നവരും കൊണ്ടറിയുന്നവരും....ഞാനെന്തും കൊണ്ടേ അറിയൂ എന്ന വാശിക്കാരിയാണ്‌ എന്നാണ്‌ എന്‍ടമ്മേടെ അഭിപ്രായം..

അങ്ങിനെ കല്ല്യാണം കഴിഞ്ഞു..

എന്‍ടെ ബെറ്റര്‍ ഹാഫ് ഒരു നല്ല പാചകക്കാരനാണ്.അതായിരുന്നെന്‍ടെ പ്രശ്നവും....ഒരു മീങ്കറിയുണ്ടാക്കി കൊടുത്താല്‍ അതു ഒന്നും മിണ്ടാതെ കഴിക്കുമെങ്കിലും അതു യഥാര്‍ത്ഥ മീങ്കറിയല്ലെന്നു പുള്ളിക്കു അറിയാമല്ലോ എന്ന ചിന്ത എന്നെ അസ്വസ്ഥയാക്കി....ആ ചിന്ത എന്‍ടെ ഉറക്കം അപഹരിച്ചു....

പക്ഷെ ഇപ്പോള്‍ ഞാനൊരു കുഴപ്പമില്ലാത്ത പാചകക്കാരിയാണെന്നാണ്‌ എന്നാണ്‌ എന്‍ടെ ഉറച്ച വിശ്വാസം...എങ്കിലും ഞാനത് ആരോടും ചോദിച്ച് കൂടുതല്‍ ഉറപ്പു വരുത്താറില്ല...അതിന്‍ടെ ആവശ്യമില്ലല്ലോ അല്ലേ???അങ്ങനെ അഹങ്കരിച്ചിരിക്കുമ്പോഴാണ്‌ ഒരു ഫ്രണ്ട് ഡിന്നറിന്‌ ക്ഷണിക്കുന്നത്....

ഒരു ഹോട്ടല്‍ അവിടെ ഞങ്ങള്‍ മൂന്നു പേരും ഒരു ടേബിളിനു ചുറ്റും ഇരിക്കുകയാണ്.....രാവിലെ പുട്ടും കടലയും തട്ടിയിട്ടാണ്‌ ഞങ്ങള്‍ വന്നിരിക്കുന്നത്‌...കാലത്തു പുട്ടും ഞാനുണ്ടാക്കിയ നല്ലൊരു കടലക്കറിയും കഴിച്ചതിനാല്‍ വിശപ്പില്ലെന്നു ഫ്രണ്ടിന്‍ടെ അടുത്ത് എന്റെ പ്രിയ ഭര്‍ത്താവു പറഞ്ഞത് ഞാനഭിമാനത്തോടെ കേട്ടു..അങ്ങനെ തലയുയര്‍ത്തി നെഞ്ചു വിരിച്ച് ഇരിക്കുമ്പൊഴാണ്‌ പുള്ളീടെ വക ഒരു ചോദ്യശരം....അതായത് ഈ ഞാന്‍ നോര്‍ത്ത് ഇന്‍ഡ്യന്‍ ഡിഷസ് ഒക്കെ നന്നായി കുക്ക് ചെയ്യുമോ എന്ന്...നോര്‍ത്ത് ഇന്‍ഡ്യന്‍ ഡിഷെന്നു വെച്ചാല്‍ ചപ്പാത്തി മാത്രമാണെന്നായിരുന്നു അടുത്തിടെ വരെ എന്‍ടെ ഉറച്ച വിശ്വാസം...
അല്ല..പുള്ളി കാര്യമായി ചൊദിച്ചതാണോ അതോ ആക്കിയതാണോ????പുള്ളിയുടെ സ്വഭാവമനുസ്സരിച്ച് രണ്ടാമത്തേതാകാനാണ്‌ സാധ്യത.....എന്തായാലും ഇല്ല എന്നൊരൊഴുക്കന്‍ മട്ടില്‍ മറുപടി കൊടുത്ത് ഇനി ഇറ്റാലിയന്‍ തായി ഡിഷസിനേ പറ്റി ഒന്നും ചൊദിക്കല്ലേ എന്ന പ്രാര്‍ത്ഥനയോടു കൂടി ഞാന്‍ മെനുവിലേക്കു കണ്ണും നട്ടിരുന്നു...

Monday 29 October 2007

ആംസ്റ്റെല്‍വീനിലെ അരയന്നസുന്ദരികള്‍

മൂന്നുനിലയുള്ള ഡച്ച് കെട്ടിടത്തിന്‍ടെ ബാല്‍ക്കണിയിലിരുന്നാല്‍ കുറെ കാഴ്ചകള്‍ കാണാം.

പൂച്ചകള്‍ അല്ലെങ്കില്‍ പട്ടികള്‍ അതുമല്ലെങ്കില്‍ സ്വന്തം കുട്ടികളേ(ഉന്തുവണ്ടിയിലാക്കി) യും കൂട്ടി നടക്കാനിറങ്ങുന്ന സായ്പന്മാരും മദാമ്മകളും.ആറടി പൊക്കമാണു ഇവിടത്തുകാരുടെ അവെരെജ് ഹയ്റ്റെ്‌.അപ്പോള്‍ എന്‍ടെ വീട്ടിലെ കാര്യമാണ്‌ ഞാനോര്‍ത്തത്....അവിടത്തെ പൊക്കക്കാരി ഞാനാണ്...അച്ചന്‌ 5 അടി 2 ഇന്‍ച് അമ്മയ്ക്ക് 5 അടി 1 ഇന്‍ച് പിന്നെ അനിയത്തിക്ക് 5 അടി 2 ഇന്‍ച്....അവരുടെ ഇടയില്‍ 5 അടി 3 ഇന്‍ചുകാരിയായ മഹാ പൊക്കക്കാരിയായി ഞാന്‍ വാണു പോന്നു...കല്ല്യാണം കഴിഞ്ഞതോടെ എന്‍ടെ അഹങ്കാരമെല്ലാം അവസാനിച്ചു...എന്‍ടെ ഹസ്ബന്‍ഡിന്‍ടെ വീട്ടിലെ എട്ടിലും ഒബ്പതിലും പഠിക്കുന്ന പീക്രി പിള്ളേര്‍ക്കു പോലും എന്നേലും പൊക്കം...ഇവിടെ വന്നപ്പോള്‍ ഈ പൊക്കക്കാരുടെ ഇടയിലോ നമ്മള്‍ വെറും ശൂന്യം....

അതു പോട്ടെ!!!ഹസ്ബന്‍ഡ് ഓഫീസില്‍ പോയാല്‍ ഇതാണ്പരിപാടി.വായിനോട്ടം.ബാല്‍ക്കണിയിലിരുന്ന് താഴെ വഴിയിലൂടെ പൊകുന്ന സകല സായ്പന്മാരെയും മദാമ്മമാരെയും അവരുടെ പട്ടികളെയും കുട്ടികളേയും വീക്ഷിക്കുക....നല്ല രസമുള്ള പരിപാടിയാണ്.പക്ഷെ അവര്‍ തിരിച്ചു മുകളിലേക്കു നോക്കരുതെന്നു മാത്രം...നോക്കിയാല്‍ അതിന്‍ടെ രസം മുഴുവന്‍ പോകും.

ഞാന്‍ പതുക്കെ ബാല്‍കണിയില്‍ നിന്നു എഴുന്നേറ്റ് താഴെക്കിറങ്ങി. ഒരു റോഡാണ്.റോഡിനിരുവശത്തും തടാകങ്ങളും മരങ്ങളും.തടാകത്തില്‍ അരയന്നങ്ങളും താറാവുകളും.ഒറ്റമനുഷ്യരില്ല അടുത്തെങ്ങും.

ആരും അടുത്തില്ലെന്ന്‌ ചുറ്റും നോക്കി ഒന്നുകൂടി ഉറപ്പുവരുത്തി അവയുടെ ആ അരയന്നങ്ങളുടെ അടുത്തേക്കു ഞാന്‍ നടന്നു...തെറ്റിധരിക്കരുത് പിടിച്ചു കൊണ്ടൊയി കറി വെച്ചു തിന്നാനൊന്നുമല്ല കേട്ടോ....

നമ്മുടെ രവിവര്‍മയുടെ ദമയന്തി ചിത്രത്തിലെ ഹംസം ഇതുപോലിരിന്നിരിക്കണം എന്നും മറ്റും കൂലുങ്കുഷിതമായി ചിന്തിച്ച് അവയെ സമീപിക്കുബോഴാണ്‌ ആ ഭൂതകാല സംഭവം എന്‍റ്റെ ഓര്‍മ്മയിലെത്തുന്നത്.

പണ്ട്‌ പണ്ട് ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം...പച്ച ഫുള്‍ പാവാടയും വെള്ള ഷര്‍ട്ടുമിട്ട്‌ രണ്ടു വശത്തും മുടി പിന്നി കെട്ടി എന്തൊക്കെയോ പുളുവുമടിച്ചു കൊണ്ട് സ്ക്കൂളിലേക്ക് നടക്കുകയാണ്‌ ഞാന്‍.അപ്പൊഴാണാ നയനമനോഹരമനോഹരമായ കാഴ്ച്ച.ഒരു കൂട്ടം വാത്തകള്‍(താറാവിനെ പോലിരിക്കും നല്ല വെളുത്ത് സുന്ദരികളാണ്.) കുണുങ്ങി കുണുങ്ങി റോഡിന്‍ടെ ഒരു വശത്തു കൂടി നടന്നു വരുന്നത്.ആ കാഴ്ച്ച കണ്ടപ്പോള്‍ അടക്കാനാവാത്ത ഒരു മോഹമെന്നില്‍ തലപൊക്കി...ആയിടെ കണ്ട സിനിമയിലെ നായികയെ പോലെ അവയുടെ ഇടയിലൂടെ നടക്കണം....പിന്നെ താമസ്സിച്ചില്ല...ഞാനാ വാത്തകളുടെ ഇടയിലേക്ക് ഒരു സിനിമാതാരത്തെ പോലെ കൈകളും വീശിക്കൊണ്ട് സ്ലൊ-മോഷനില്‍ നടന്നു ചെന്നു...

ഹെന്‍റ്റമ്മച്ചിയേ ഞാന്‍ ഞെട്ടിപ്പോയി..അവറ്റകളെല്ലാം കൂടി എന്‍റ്റെ പിന്നാലെ ...കടന്നല്‍ കൂട്ടില്‍ കല്ലെടുത്തെറിഞ്ഞ അതേ ഇഫെക്ട്...ഞാനെന്‍റ്റെ ചുറ്റും നോക്കി...വണ്ടികള്‍ റോഡിലൂടെ ചീറിപ്പാഞ്ഞു പൊകുന്നു..ഒരേ ഒരു വഴി...ഞാനെന്‍റ്റെ അഞ്ച് കിലോ വരുന്ന ബാഗുമെടുത്ത് ഫുള്‍ പാവാടയും പൊക്കി പിടിച്ച് പാഞ്ഞു വരുന്ന വണ്ടികള്‍ക്കിടയിലൂടെ ഓടെടാ ഓട്ടം......അന്നു ഞാന്‍ രക്ഷപ്പെട്ടതെങ്ങിനെയെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.....

അനുഭവം ഗുരു...ഇനിയൊരു പരീക്ഷണതിന്‌ ഞാനില്ല....ആ അരയന്നസുന്ദരിമാരെ അകലെ നിന്നു വീക്ഷിച്ചു കൊണ്ട് ഞാനടുത്ത കാഴ്ച്ചകളിലെക്കു കടന്നു........