Monday 9 February 2015

ചില പിറന്നാൾ ചിന്തകൾ


പിറന്നാളുകൾ സന്തോഷം കൊണ്ടുവരുന്നു എന്നാണു വെയ്പ് ..അങ്ങിനെ തന്നെയാണോ എന്ന് ചോദിച്ചാൽ ഒരു സംശയമുണ്ട് ..ഒരു മുപ്പതു വയസ്സ് കഴിഞ്ഞാൽ അങ്ങിനെയല്ലെന്നാണ് തോന്നുന്നത്..അത് കഴിഞ്ഞാൽ പിറന്നാളുകൾ  മുന്നറിയിപ്പുകളാണ് ..ഹാഫ് ടൈം കഴിഞ്ഞു ..അതും ഏറ്റവും ഉഷാറുള്ള ഹാഫ് ടൈം കഴിഞ്ഞു..എന്നോർമിപ്പിക്കുന്ന ദിവസം ..പിറന്നാൾ  കേക്കിന്റെ  ഉച്ചിയിലിരിക്കുന്ന മെഴുകുതിരികൾ പല്ലിളിച്ചു കൊണ്ട് ചോദിക്കുന്ന പോലെ തോന്നും.. "എടൊ മനുഷ്യാ  വയസ്സിത്രയായില്ലേ..ഇനിയും ഇങ്ങനെയൊക്കെ നടന്നാൽ മതിയൊ.. എന്തേലും ഒരു ലക്ഷ്യമൊക്കെ വേണ്ടേടോ ."

സിനിമ കാണാൻ ഇഷ്ടമായത് കൊണ്ട് മിക്ക സിനിമകളും കാണാറുണ്ട്‌..ഈ അടുത്ത് കണ്ട
 ഹോംലി   മീൽസ് എന്ന സിനിമയിലെ  നായകൻ, കമലഹസ്സൻ പറഞ്ഞിട്ടുള്ള  ഒരു കാര്യം കമലഹസ്സന്ടെ ശബ്ദത്തിൽ തന്നെ, ആ സിനിമയിൽ  പറയുന്നുണ്ട് ..അതായത് ആളുകൾക്ക് പ്രശ്നങ്ങളുണ്ടാകുന്നതും പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും എല്ലാം ഭൂമിയുണ്ടായ കാലം മുതൽക്കു ആളുകള് ചെയ്യുന്നതാണ് ..അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും നിങ്ങളുടെ ജീവിതത്തിൽ  ചെയ്യാൻ പറ്റുമെങ്കിൽ അതിന്റെ പേരാണ് ജീവിതം..അത് കേട്ടപ്പോളൊരു  പേടി..ഇനി ജീവിക്കാതെങ്ങാനും  മരിക്കേണ്ടി  വരുമോ..എന്ന്..

അത് കേട്ടപ്പോൾ തുടങ്ങി ..ചിന്ത..അത് ചെയ്യണോ...ഇത് ചെയ്യണോ..അല്ല അത് രണ്ടും കൂടി ചെയ്താൽ  ശരിയാവുമോ ??അല്ലേൽ വേറെന്തേലും കൂടി ചെയ്യണോ  ...ഇത് ഒരു പതിവാണ്..പേടിക്കേണ്ട കാര്യമില്ല...ഇതിനെ നമുക്ക് എന്തിനെ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ഘട്ടം എന്ന് വിളിക്കാം..ഒരു രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ നമ്മുടെ സ്ഥായിയായ  അവസ്ഥ അതായത് ഹൈബെർനേഷൻ എന്ന അവസ്ഥയിലേക്ക് തിരിച്ചുവരും..

അങ്ങനെ ആലോചിച്ചു ആലോചിച്ചു തല പുകച്ചു ..അങ്ങനെ കൂലുങ്കുഷിതമായി ആലോചിച്ചിട്ടാണോ  എന്നറിയില്ല ഏതാനും ദിവസം മുമ്പ് തല വെറുതെ  നോക്കിയപ്പോളാണ്‌ രണ്ടു മൂന്നു വെള്ളിമുടികൾ ..ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോളാണ്‌  രണ്ട് മൂന്നെണ്ണമൊന്നുമല്ല...കൂടുതലുണ്ട്..ഇനിയും എണ്ണിനോക്കി ഉള്ള മനസമാധാനം കൂടി കളയണ്ടല്ലോ   എന്ന്  കരുതി എണ്ണി നോക്കാൻ നിന്നില്ല ..തല മുഴുവൻ ഒരു ധവള വിപ്ലവം ആകുന്നതിനു മുൻപ്   അടുത്തുള്ള ഷോപ്പിൽ ചെന്ന് ഹെന്ന വാങ്ങി തേച്ചു പിടിപ്പിച്ചു...'തല' സ്റ്റൈൽ..അല്ലേൽ  'ലാലേട്ടൻ ' സ്റ്റൈൽ എന്നൊക്കെ നമുക്ക് പറയാൻ മാത്രം നടിമാരോന്നും സ്റ്റൈൽ കൊണ്ട് വരാത്തത്  കൊണ്ട് നമുക്ക് ഹെന്ന സ്റ്റൈൽ  തന്നെ ശരണം..

രണ്ടു ദിവസം മുൻപ് ഒരു സ്വപ്നം ..രാത്രിയുടെ ഇരുണ്ട യാമത്തിൽ അത് കണ്ടു ഞാൻ  ഞെട്ടിയുണർന്നു ...സൂര്യ ടി വി യിലെ കുട്ടിപട്ടാളം ആണ് വേദി..അതിലെന്റെ മകളുമുണ്ട് (വെറും അഞ്ചു മാസം പ്രായമായ മോൾക്ക്‌ സ്വപ്നത്തിൽ അഞ്ചു വയസ്സുണ്ട്..സ്വപ്നമല്ലേ എന്തും കണ്ടൂടെ..) അതിൽ അവതാരികയായ സുബിയുടെ ഒരു കൊനഷ്ട്ട്  ചോദ്യം ..മോൾടെ  അമ്മ എന്ത് ചെയ്യുന്നു..അവളുടെ ഉത്തരം..വീട്ടിൽ പാത്രം കഴുകുന്നു..ചുറ്റും പൊട്ടിച്ചിരികൾ മുഴങ്ങി...

സാമ്പാർ വീണ്ടും തിളക്കാൻ തുടങ്ങിയിരിക്കുന്നു..