Sunday 25 June 2017


ഒരു ട്രാവൽ ഡയറിക്കുറിപ്പ്

വെറുതെ ഒന്നും ചെയ്യാതിരുന്നിരുന്നു എനിക്ക് ജീവനില്ലേ  എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങുമ്പോഴാണ് മിക്കപ്പോഴും എഴുതാനിരിക്കാറ്  ...എന്തിനെ പറ്റി എഴുതും  എന്നാലോചിച്ചപ്പോഴാണ് ഒരു ഒന്ന് ഒന്നര കൊല്ലം മുൻപ് പോയ ഒരു ആംസ്റ്റർഡാം മാഡ്രിഡ് ട്രിപ്പിനെ കുറിച്ചോർത്തത് ...കുറച്ചു നാൾ മുൻപ് ആയതോണ്ട് മറവിയിലേക്കു പോയ സംഭവങ്ങളെ ഒക്കെ ഒന്ന്  ചികഞ്ഞെടുക്കണം..
അപ്പൊ തുടങ്ങാം..ആദ്യം ആംസ്റ്റർഡാം അവിടെ നിന്നും ഒരു ചിന്ന ലോക്കൽ ഫ്ലൈറ്റ് പിടിച്ചു മാഡ്രിഡ്...അങ്ങനാണ് പ്ലാൻ..അഞ്ചാറ് കൊല്ലക്കാലം നെതർലാൻഡ്സിൽ ഉണ്ടായൊണ്ട് അവിടം പരിചിതമായ സ്ഥലമാണ്...ഭർത്താവിനും മക്കൾക്കും അവിടത്തെ പൗരത്വവുമുണ്ട്...എനിക്ക് മാത്രേ വിസ വേണ്ടു...അങ്ങിനെ വിസക്ക് വേണ്ടി കാത്തിരുന്നപ്പോളാണ്  ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വേദന മനസ്സിലാക്കാനൊരവസരമുണ്ടാകുന്നത്...അതിനിടയാക്കിയ സംഭാഷണ ശകലം താഴെ

സിനോജ്(എന്റെ ഭർത്താവ്) :അമ്മക്ക് വിസ കിട്ടിയില്ലേൽ നമുക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാം ലെ മോനെ..(ഒരുമാതിരി ചൊറിയാൻ വേണ്ടിയുള്ള ചോദ്യമായി നിങ്ങൾക്ക് തോന്നിയില്ലേ...ആ  അതിനുള്ള പരിപാടി തന്നാണ്)
അപ്പു (മോൻ):അതിനെന്തിനാ ടിക്കറ്റൊക്കെ ക്യാൻസൽ ആക്കുന്നെ അമ്മേനെ കൊണ്ടോണ്ട എന്ന് വെച്ച പോരെ..യാതൊരു തരത്തിലുള്ള  വൈഗ്ലഭ്യവും കൂടാതെ ചിന്തിക്കാൻ അല്പം സമയം പോലുമെടുക്കാതെ  അവന്റെ വായിൽ നിന്ന് അനർഗളം ഒഴുകിയ  വാക്കുകൾ കേട്ട് ഞാൻ ശരിക്കുമൊന്നു ഞെട്ടി...

അല്ലേലും സ്വന്തം കാര്യം സിന്താബാദ് എന്നത് ഇന്നു  ഒരാഗോള പ്രതിഭാസത്തിന്റെ ഭാഗമാണല്ലോ ..ഇന്ത്യയിലെ ഭൂരിപക്ഷ താൽപര്യങ്ങൾക്കു  ഊന്നൽ കൊടുക്കുന്ന  ബി ജെ പി സർക്കാർ തിരഞ്ഞെടുക്കപ്പെട്ടതും  അമേരിക്കയിൽ സ്വദേശികൾക്കു പ്രാധാന്യം  എന്നും പറഞ്ഞു മുറവിളി കൂട്ടുന്ന  ട്രമ്പ് സർക്കാർ വന്നതും ബ്രിട്ടനിലെ ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിച്ചതുമെല്ലാം ഈ പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.... ... അങ്ങനെയുള്ള   ആഗോളപ്രതിഭാസത്തിന്റെ ഭാഗമായി  ഇതിനെയും കണ്ടാൽ മതി എന്ന ഭാവത്തിൽ സിനോജെന്നെ ഒന്ന് ഇടക്കണ്ണിട്ടു   നോക്കിയെങ്കിലും   ജോലിയും കൂലിയുമില്ലാതെ ഫ്രസ്ട്രേറ്റഡ് ആയിരിക്കുന്ന  ഒരു ശരാശരി ഇന്ത്യൻ വീട്ടമ്മയെ ഭദ്രകാളിയാക്കാൻ ഇത് മാത്രം മതി എന്ന എന്റെ ഭാവം കണ്ടു അങ്ങേര് ആ  നോട്ടം വളരെ തന്ത്രപരമായി പിൻവലിച്ചു...ഭാഗ്യത്തിന് അത്തരം അവസ്ഥകൾക്കൊന്നും ഇട  വരുത്താതെ കറക്റ്റ് സമയത്തു തന്നെ വിസ വന്നു..

 നെതർലൻഡ്‌സ്‌ ഓർമ്മകൾ ഒരുപാടുണ്ട്..അത് വിശദമായി ഒരു വലിയ കുറിപ്പായി മറ്റൊരവസരത്തിൽ എഴുതാം...നാല് ദിവസം നെതെര്ലാന്ഡ്സിന്റെ തലസ്ഥാനമായ  ആംസ്റ്റർഡാം സമീപപ്രദേശങ്ങളായ ആൽമീരേ ആംസ്റ്റൽവീൻ എന്നിവിടങ്ങളിലൊക്കെ ഒന്ന് കറങ്ങി . അവിടുള്ള ഫ്രണ്ട്സിനെ ഒക്കെ കണ്ടു...അതിനുശേഷം ആംസ്റ്റർഡാം എയർപോർട്ടിൽ നിന്നും മാഡ്രിഡിലേക്കു പ്ലെയിൻ കയറി...ഞങ്ങളുടെ ഏതോ ഒരു ചോദ്യത്തിന്പ്ലെയിനിലെ എയർഹോസ്റ്റസ് കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്നത് കേട്ടപ്പോൾ തന്നെ ആൾക്കാരോട്  വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുക എന്നത് അത്ര എളുപ്പമാവില്ലെന്നു മനസ്സിലായി..നെതെര്ലാന്ഡ്സിലെ ആളുകൾ നന്നായി ഇംഗ്ലീഷ് പറയും..ആറു  വര്ഷം അവിടെ  താമസിച്ചിട്ടും ഡച്ച്ഭാഷ അറിയാത്തതിനാൽ  ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല..കാരണം അവിടെല്ലാരും ഇംഗ്ലീഷ് തട്ടും തടവുമില്ലാതെ  പറയും( മടിയുടെ ചെറിയ ഒരസ്ക്യത ഉള്ളോണ്ട് ഡച്ച് പഠിക്കാൻ മെനക്കെട്ടില്ല എന്ന് പറഞ്ഞാലും തെറ്റില്ല )..അതുപോലല്ല സ്പെയിനിൽ എന്ന് മനസ്സിലായി.അവർക്കു ഇംഗ്ലീഷ് അത്ര പിടിയില്ല.....വൃത്തിയുടെ കാര്യത്തിലും ഹോളണ്ട് തന്നാണ് മുന്നിൽ...പക്ഷെ സ്പെയിനിലെ ആളുകൾ കുറച്ചുകൂടി ആളുകളോട് അടുത്തിടപെഴുകുന്നവരാണെന്നു തോന്നി..


യൂറോപ്പിലെ നാലാമത്തെ വലിയ രാജ്യമാണ് സ്പെയിൻ..സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്കാണ് നമ്മൾ പോകുന്നത്...
...സ്പെയിനിന്റെ പഴയ തലസ്ഥാനമായ ടോളിഡോ യിലും നമ്മളൊന്ന് കറങ്ങുന്നുണ്ട്....മാഡ്രിഡിലെത്തി ആദ്യം തന്നെ മാഡ്രിഡ് സിറ്റി ടൂർ ടിക്കറ്റ് സംഘടിപ്പിച്ചു.. അത്യാവശ്യം വലുപ്പമുള്ള രാജ്യമായ സ്പെയിനിലെ അമ്പത് പ്രൊവിൻസുകളിലെ  രണ്ടു പ്രൊവിൻസുകൾ  മാത്രമാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, മാഡ്രിഡും ടോളീഡോയും .....അതിൽ തന്നെ മ്യൂസിയങ്ങളെല്ലാം ഒഴിവാക്കേണ്ടി വന്നു ...രണ്ടു  കുട്ടികളുടെയും കൂടി താല്പര്യങ്ങൾ പരിഗണിക്കേണ്ടി വന്നപ്പോൾ ടോപ് അട്ട്രാക്ഷൻസ് ആയ പ്രാഡോ മ്യൂസിയവും റീന സൊഫീയ മ്യൂസിയവും ഒഴിവാക്കി..പിന്നെ റോയൽ പാലസിനുള്ളിലെ ഗൈഡഡ് ടൂറും വേണ്ടെന്നു വെച്ചു .. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഗാർഡ് ചേഞ്ചിങ്  സെറിമണി ഉണ്ട് റോയൽ പാലസിൽ..ഞങ്ങൾ ചെന്നത് ഒരു ബുധനാഴ്ചയായതിനാൽ അത് കാണാൻ കഴിഞ്ഞു...



ടെംപിൾ ഡെബോഡ് :ഒരു ഈജിപ്ഷ്യൻ ടെംപിൾ ആണ്....ചെറിയ ഒരു അമ്പലം...ഈജിപ്തുകാർ  1968 ഇൽ സ്പെയിനിനു നൽകിയതാണ് ഈ അമ്പലം..(ഈജിപ്തിൽ നിന്നും ഡിസ്‍മാൻറ്ൽ ചെയ്തു മാഡ്രിഡിൽ പണികഴിപ്പിച്ചത്  )...നമ്മുടെ നാട്ടിലെഅമ്പലങ്ങളുമായി താരതമ്യപ്പെടുത്താനുള്ള വലുപ്പം ഒന്നുമില്ല എങ്കിലും നിർമ്മാണത്തിൽ അല്പം വ്യത്യസ്തതയുണ്ട്.....  ഒരു ശുനകൻ അല്പം പുറകിലായി വിഹരിക്കുന്നതു കണ്ടു പുറകിൽ നിന്നും
ഏതു നിമിഷവും ഒരു  ആക്രമണവും പ്രതീക്ഷിച്ചു കൊണ്ട് അല്പസ്വല്പം പേടിച്ചാണ് ഫോട്ടം പിടിക്കാൻ നിന്നതു..


.
പ്ലാസ മേയർ:ഇതിവിടത്തെ പ്രധാനപ്പെട്ട സ്‌ക്വയർ ആണ്...ചുറ്റും ജനവാസമുള്ള മൂന്നുനില കെട്ടിടങ്ങളാണ്...ഒത്ത നടുവിൽ  ഫിലിപ്പ് മൂന്നാമൻ രാജാവിന്റെ ഒരു ബ്രോൺസ് പ്രതിമയുമുണ്ട്.. അവിടേം ഒന്നിറങ്ങി അൽപനേരം ചിലവഴിച്ചു....മാഡ്രിഡ് സിറ്റി ടൂർ ബസിലിരുന്ന്‌ പിന്നെയും പല  തവണ ഈ പ്ലാസ മേയറിലൂടെ  കടന്നു പോയി...



മെർക്കാഡോ ഓഫ് സാൻ മിഗുവേൽ :മാഡ്രിഡിലെ ഏറ്റവും പ്രശസ്തമായ മാർക്കറ്റ് ആണിത്...ടാപ്പാസും സീ ഫുഡും പഴങ്ങളും പച്ചക്കറികളും ഒക്കെയുള്ള വളരെ കളർഫുള്ളായ ഒരു മാർക്കറ്റ്...കെട്ടിടം ഉണ്ടാക്കിയിരിക്കുന്നത് ഇരുമ്പും ഗ്ലാസും കൊണ്ടാണ്...അവിടെ ചെന്ന് ആദ്യമായി നീരാളി ഫ്രൈ തിന്നു നോക്കി...സ്ക്വിഡ് പോലാണ് ടേസ്റ്റ് എങ്കിലും ഉപ്പിത്തിരി കൂടുതൽ ആയിരുന്നോണ്ട് അത്ര ഇഷ്ടപ്പെട്ടില്ല...പിന്നെ ടാപ്പസും മെക്സിക്കൻ റൈസും കഴിച്ചു...കഴിച്ച ഭക്ഷണം ഇഷ്ടപ്പെട്ടത് കൊണ്ട്   വീണ്ടും ഒരു തവണ കൂടി  ഞങ്ങളവിടെത്തി വാരിവലിച്ചു തിന്നു എന്ന കാര്യവും ഇവിടെ മറച്ചു വെക്കുന്നില്ല...




ബ്യുയെൻ റിട്ടെറോ  പാർക്ക്: വലിയൊരു പാർക്കാണിത്...പിള്ളേരേം കൊണ്ട് കുറച്ചു ദൂരം നടക്കാനും ഇരിക്കാനും കാറ്റ് കൊള്ളാനും പറ്റിയൊരു സ്ഥലം..ഒരു കൃത്രിമ തടാകവും തീരത്തു ഒരു രാജാവിന്റെ മോണുമെന്റും കാണാം..


മാഡ്രിഡ് ഫുട്ബോൾ സ്റ്റേഡിയം:   സ്റ്റേഡിയത്തിന്റെ ഫൗണ്ടർ ആയ സാന്റിയാഗോ ബെർണാബ്യൂ ന്റെ പേരിൽ  ബെർണാബ്യൂ സ്റ്റേഡിയം എന്നാണ്  ഈ സ്റ്റേഡിയം അറിയപ്പെടുന്നത്... സ്റ്റേഡിയം ഗൈഡഡ് ടൂർ ഉണ്ടായിരുന്നു...ഫിഫ ലോകകപ്പ് , കളിക്കാരുടെ ജേഴ്‌സി, ഷൂ, ഗോൾഡൻ ബൂട്ട്, ട്രോഫികൾ  എല്ലാമുള്ള  ഒരു  മ്യൂസിയവുമുണ്ടിവിടെ..     അവിടമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി മോന് ഒരു ഫുട്ബോൾ ജേർസിയും വാങ്ങി കുറച്ചു ഫോട്ടോകളുമൊക്കെ എടുത്തു ഞങ്ങൾ അവിടന്ന്  പടിയിറങ്ങി...മോന് ഫുട്ബോൾ കുറച്ചു ഇഷ്ടമുള്ളൊണ്ട് അവിടം കുറച്ചു കൂടുതൽ സമയം ചിലവഴിച്ചു...




ടോളിഡോ:  മാഡ്രിഡ് സിറ്റി ടൂറിൽ ഉൾപെട്ടിട്ടില്ലാത്തോണ്ടു അവിടെ കണ്ട ഒരു ചെറിയ  ഒരു  കടയിൽ നിന്നും ടോളിഡോ ക്കുള്ള ബസ് ടിക്കറ്റു വാങ്ങി...മാഡ്രിഡിൽ പോകുന്നുണ്ടേൽ നിങ്ങളുടെ ലിസ്റ്റിൽ തീർച്ചയായും ഉൾപെടുത്തേണ്ട സ്ഥലമാണ്   ടോളിഡോ... സ്പെയിനിൽ നിന്ന് പോരുമ്പോൾ മനസ്സിൽ തങ്ങി നിന്നതും ഇവിടേക്കുള്ള യാത്ര  തന്നെയായിരുന്നു...ആദ്യം മെൻഷൻ ചെയ്തിരുന്ന പോലെ സ്പെയിനിന്റെ പഴയ തലസ്ഥാനമാണ്    ടോളിഡോ...തികച്ചും പൗരാണികമായ നഗരം...മാഡ്രിഡിൽ നിന്നും തികച്ചും വ്യത്യസ്തം...അവിടത്തെ കെട്ടിടങ്ങളിലൊക്കെ ക്രിസ്ത്യൻ മുസ്ലിം ജ്യൂവിഷ് കൾചറുകളുടെ സ്വാധീനം കാണാം...ലോഹങ്ങൾ കൊണ്ടുള്ള വാളുകൾക്കും മറ്റു യുദ്ധോപകരണങ്ങൾക്കും പ്രശസ്തമാണിവിടം...... ..കേബിൾ കാറിൽ നഗരം ചുറ്റി മുഴുവൻ ഒന്ന് ചുറ്റി കണ്ടു..പിന്നീട് അവിടത്തെ വഴികളിലൂടെ കുറച്ചു നടന്നു....തിരിച്ചു മാഡ്രിഡിലേക്കുള്ള ബസിനു ടിക്കറ്റ് മുൻപേ എടുത്തിരുന്നെങ്കിലും  കുറച്ചു കൂടുതൽ  സമയം കാത്തു നിൽക്കണം എന്നുള്ളത് കൊണ്ടും ട്രെയിൻ യാത്ര ഒന്ന് എക്സ്പീരിയൻസ് ചെയ്യാമല്ലോ എന്ന് തോന്നിയതിനാലും തിരിച്ചു മാഡ്രിഡിലേക്കു ട്രെയിൻ ടിക്കറ്റ്  എടുത്തു...അൽപ നേരം റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും ഒന്ന് കറങ്ങി മാഡ്രിഡിലേക്കു തിരിച്ചു പോന്നു..








ലാസ് വെന്റാസ്  ബുൾ ഫൈറ്റ് സ്റ്റേഡിയം:   ഞങ്ങളുടെ യാത്രയുടെ അവസാന ദിവസമാണ് ഇവിടം   സന്ദർശിക്കുന്നത്...ഇവിടേം ഒരു ഗൈഡഡ് ടൂറും പിന്നെ ബുൾ ഫിഗ്റ്റേഴ്സിന്റെ അക്‌സെസ്സറിസ് ഒക്കെയുള്ള മ്യൂസിയവും ഒക്കെയുണ്ട്...ബുൾ ഫൈറ്റിന്റെ വീഡിയോസ് ഒക്കെ അവിടെയുള്ള സ്‌ക്രീനിൽ  മായുന്നുണ്ട്..അത് കണ്ടു മോൻ  കുറച്ചു ഡിസ്റ്റർബേഡ് ആയി......അവിടെ ഗാ ർഡ് ആയി നിൽക്കുന്ന  ഒരാൾ ബുൾ ഫൈറ്റിനെ പറ്റി സംസാരിച്ചപ്പോൾ സിനോജ്  നമ്മുടെ  നാട്ടിലുള്ള
ജെല്ലിക്കെട്ടിനെ പറ്റിയും അതിവിടെ ഉണ്ടാക്കി യ കോൺട്രോവേർസിയെ  പറ്റിയും   പറഞ്ഞു... വളരെയധികം അഭിമാനത്തോടെയും വികാരത്തോടെയുമാണ് ബുൾ ഫൈറ്റ് നെ  പറ്റി  അയാൾ സംസാരിച്ചത്..അവർ ബുൾസിനെ ട്രീറ്റ്   ചെയ്യുന്നത് ഒരു രാജാവിനെ പോലാണെന്നും സാധാരണ ഇറച്ചി കാളകളെ  പോലല്ല എന്നും അതവരുടെ സംസ്കാരവുമായി എത്ര അടുത്ത് കിടക്കുന്നുവെന്നും അയാൾ വളരെയധികം ആവേശത്തോടെ വിവരിച്ചു...നല്ല ഒഴുക്കോടെയാണ് ഇംഗ്ലീഷ് സംസാരിച്ചത്...





മാഡ്രിഡിൽ നിന്നും തിരിച്ചു ഖത്തറിലേക്കു പറക്കുമ്പോൾ ഒരുപിടി നല്ല ഓർമകളുമായി മനസ്സ് നിറഞ്ഞിരുന്നു...എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ മോള് എന്റെ ഒക്കത്ത് മാത്രേ ഇരിക്കു അവളെ എടുത്തു ഞാൻ ശരിക്കും ക്ഷീണിച്ചിരുന്നു.....എങ്കിലും  ഒരിക്കലും മറക്കാത്ത എന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന  ഒരു പിടി നല്ല ഓർമ്മകൾ ആ യാത്ര .സമ്മാനിച്ചു...

വാൽകഷ്ണം:

മാഡ്രിഡിൽ ഭാഷ ഒരു പ്രശ്നമായിരുന്നുവെന്നു .പറഞ്ഞല്ലോ....മോന് സ്പാനിഷ് ആണ് സെക്കന്റ് ലാംഗ്വേജ് എന്നുള്ളൊണ്ട് അവനായിരുന്നു ഞങ്ങളുടെ ഭാഷാസഹായി....അവൻ  ചെയ്ത ഒരു ഒന്നൊന്നര സഹായം കൂടി ഞാനിതിലുൾപ്പെടുത്തുന്നു....എന്റേം മോൾടേം മുടി നല്ല പരുപരുത്ത ചകിരി പോലായൊണ്ട്  മാഡ്രിഡിൽ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എണ്ണ തേക്കാതെ നല്ല പരുവമായി...ഹോട്ടലിലെ കണ്ടിഷണർ ഒന്നുമങ്ങോട്ടു ഏൽക്കുന്നില്ല ..അങ്ങിനാണ് എണ്ണ വാങ്ങാൻ ഞങ്ങൾ കടകൾ തേടി  നടക്കുന്നത്...അവസാനം ഒരു ഫർമസിയിൽ കയറി...ഇംഗ്ലീഷ് അറിയാത്ത അവിടുണ്ടായിരുന്ന ചേച്ചിയോട് എണ്ണ കയ്യൂമ്മേം തലേമേം ഒക്കെ  തേക്കുന്ന ആംഗ്യം ഒക്കെ  കാണിച്ചുകൊണ്ടും പിന്നെ മോന്റേ കുറച്ചു സഹായത്താലും  ഒരു വിധം മനസ്സിലാക്കിപ്പിച്ചു കൊടുത്തു....അവരൊരു എണ്ണ എടുത്തു ..തന്നു..ഇനി  വില ചോദിച്ചു  മനസ്സിലാക്കണം...  അവരെന്തോ പറഞ്ഞു...മോൻ പറഞ്ഞു തന്നു ഇരുപത്തെട്ടു യൂറോ...മോൻ ട്രാൻസ്ലേറ്റ് ചെയ്യുന്നത് കണ്ടു അവർക്കു വല്ലാത്ത സന്തോഷം...ഞങ്ങളാണെലോ    മാതാപിതാക്കൾ എന്ന നിലയിൽ അഭിമാനത്തിന്റെ(അഹങ്കാരത്തിന്റെ എന്നും പറയാം) കൊടുമുടിയിലാണ് ... നാട്ടിലെ രൂപയായി മാറ്റുമ്പോൾ കുറച്ചു കൂടുതലാണ്...എങ്കിലും ആ സ്ത്രീയുടെ പ്രോത്സാഹനവും  മുടീടെ ദയനീയമായ അവസ്ഥയും പരിഗണിച്ചു കൊണ്ട്  ഓക്കേ പറഞ്ഞു..... നൂറു യൂറോ കൊടുത്തു..ബാക്കി തിരിച്ചു കിട്ടിയത് വെറും നാല്പത്തിരണ്ട് ...കണക്കങ്ങോട്ടു ശരിയാവുന്നില്ല... ഞങ്ങൾ ഒരു വിധം ചോദിച്ചു മനസ്സിലാക്കി വന്നപ്പോഴാണ് അത് ട്രാൻസ്ലേഷനിൽ അപ്പുണ് പറ്റിയ പിഴവാണെന്നു മനസ്സിലായത്...അങ്ങനെ നാലായിരത്തി ഇരുന്നൂറു രൂപയുടെ ആർഗൻ  ഓയിലും വാങ്ങി പ്ലിങ്ങിത്തരായി ഞങ്ങൾ കടയിൽ നിന്നിറങ്ങി...