Sunday 25 June 2017


ഒരു ട്രാവൽ ഡയറിക്കുറിപ്പ്

വെറുതെ ഒന്നും ചെയ്യാതിരുന്നിരുന്നു എനിക്ക് ജീവനില്ലേ  എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങുമ്പോഴാണ് മിക്കപ്പോഴും എഴുതാനിരിക്കാറ്  ...എന്തിനെ പറ്റി എഴുതും  എന്നാലോചിച്ചപ്പോഴാണ് ഒരു ഒന്ന് ഒന്നര കൊല്ലം മുൻപ് പോയ ഒരു ആംസ്റ്റർഡാം മാഡ്രിഡ് ട്രിപ്പിനെ കുറിച്ചോർത്തത് ...കുറച്ചു നാൾ മുൻപ് ആയതോണ്ട് മറവിയിലേക്കു പോയ സംഭവങ്ങളെ ഒക്കെ ഒന്ന്  ചികഞ്ഞെടുക്കണം..
അപ്പൊ തുടങ്ങാം..ആദ്യം ആംസ്റ്റർഡാം അവിടെ നിന്നും ഒരു ചിന്ന ലോക്കൽ ഫ്ലൈറ്റ് പിടിച്ചു മാഡ്രിഡ്...അങ്ങനാണ് പ്ലാൻ..അഞ്ചാറ് കൊല്ലക്കാലം നെതർലാൻഡ്സിൽ ഉണ്ടായൊണ്ട് അവിടം പരിചിതമായ സ്ഥലമാണ്...ഭർത്താവിനും മക്കൾക്കും അവിടത്തെ പൗരത്വവുമുണ്ട്...എനിക്ക് മാത്രേ വിസ വേണ്ടു...അങ്ങിനെ വിസക്ക് വേണ്ടി കാത്തിരുന്നപ്പോളാണ്  ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വേദന മനസ്സിലാക്കാനൊരവസരമുണ്ടാകുന്നത്...അതിനിടയാക്കിയ സംഭാഷണ ശകലം താഴെ

സിനോജ്(എന്റെ ഭർത്താവ്) :അമ്മക്ക് വിസ കിട്ടിയില്ലേൽ നമുക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യാം ലെ മോനെ..(ഒരുമാതിരി ചൊറിയാൻ വേണ്ടിയുള്ള ചോദ്യമായി നിങ്ങൾക്ക് തോന്നിയില്ലേ...ആ  അതിനുള്ള പരിപാടി തന്നാണ്)
അപ്പു (മോൻ):അതിനെന്തിനാ ടിക്കറ്റൊക്കെ ക്യാൻസൽ ആക്കുന്നെ അമ്മേനെ കൊണ്ടോണ്ട എന്ന് വെച്ച പോരെ..യാതൊരു തരത്തിലുള്ള  വൈഗ്ലഭ്യവും കൂടാതെ ചിന്തിക്കാൻ അല്പം സമയം പോലുമെടുക്കാതെ  അവന്റെ വായിൽ നിന്ന് അനർഗളം ഒഴുകിയ  വാക്കുകൾ കേട്ട് ഞാൻ ശരിക്കുമൊന്നു ഞെട്ടി...

അല്ലേലും സ്വന്തം കാര്യം സിന്താബാദ് എന്നത് ഇന്നു  ഒരാഗോള പ്രതിഭാസത്തിന്റെ ഭാഗമാണല്ലോ ..ഇന്ത്യയിലെ ഭൂരിപക്ഷ താൽപര്യങ്ങൾക്കു  ഊന്നൽ കൊടുക്കുന്ന  ബി ജെ പി സർക്കാർ തിരഞ്ഞെടുക്കപ്പെട്ടതും  അമേരിക്കയിൽ സ്വദേശികൾക്കു പ്രാധാന്യം  എന്നും പറഞ്ഞു മുറവിളി കൂട്ടുന്ന  ട്രമ്പ് സർക്കാർ വന്നതും ബ്രിട്ടനിലെ ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിച്ചതുമെല്ലാം ഈ പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.... ... അങ്ങനെയുള്ള   ആഗോളപ്രതിഭാസത്തിന്റെ ഭാഗമായി  ഇതിനെയും കണ്ടാൽ മതി എന്ന ഭാവത്തിൽ സിനോജെന്നെ ഒന്ന് ഇടക്കണ്ണിട്ടു   നോക്കിയെങ്കിലും   ജോലിയും കൂലിയുമില്ലാതെ ഫ്രസ്ട്രേറ്റഡ് ആയിരിക്കുന്ന  ഒരു ശരാശരി ഇന്ത്യൻ വീട്ടമ്മയെ ഭദ്രകാളിയാക്കാൻ ഇത് മാത്രം മതി എന്ന എന്റെ ഭാവം കണ്ടു അങ്ങേര് ആ  നോട്ടം വളരെ തന്ത്രപരമായി പിൻവലിച്ചു...ഭാഗ്യത്തിന് അത്തരം അവസ്ഥകൾക്കൊന്നും ഇട  വരുത്താതെ കറക്റ്റ് സമയത്തു തന്നെ വിസ വന്നു..

 നെതർലൻഡ്‌സ്‌ ഓർമ്മകൾ ഒരുപാടുണ്ട്..അത് വിശദമായി ഒരു വലിയ കുറിപ്പായി മറ്റൊരവസരത്തിൽ എഴുതാം...നാല് ദിവസം നെതെര്ലാന്ഡ്സിന്റെ തലസ്ഥാനമായ  ആംസ്റ്റർഡാം സമീപപ്രദേശങ്ങളായ ആൽമീരേ ആംസ്റ്റൽവീൻ എന്നിവിടങ്ങളിലൊക്കെ ഒന്ന് കറങ്ങി . അവിടുള്ള ഫ്രണ്ട്സിനെ ഒക്കെ കണ്ടു...അതിനുശേഷം ആംസ്റ്റർഡാം എയർപോർട്ടിൽ നിന്നും മാഡ്രിഡിലേക്കു പ്ലെയിൻ കയറി...ഞങ്ങളുടെ ഏതോ ഒരു ചോദ്യത്തിന്പ്ലെയിനിലെ എയർഹോസ്റ്റസ് കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്നത് കേട്ടപ്പോൾ തന്നെ ആൾക്കാരോട്  വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുക എന്നത് അത്ര എളുപ്പമാവില്ലെന്നു മനസ്സിലായി..നെതെര്ലാന്ഡ്സിലെ ആളുകൾ നന്നായി ഇംഗ്ലീഷ് പറയും..ആറു  വര്ഷം അവിടെ  താമസിച്ചിട്ടും ഡച്ച്ഭാഷ അറിയാത്തതിനാൽ  ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല..കാരണം അവിടെല്ലാരും ഇംഗ്ലീഷ് തട്ടും തടവുമില്ലാതെ  പറയും( മടിയുടെ ചെറിയ ഒരസ്ക്യത ഉള്ളോണ്ട് ഡച്ച് പഠിക്കാൻ മെനക്കെട്ടില്ല എന്ന് പറഞ്ഞാലും തെറ്റില്ല )..അതുപോലല്ല സ്പെയിനിൽ എന്ന് മനസ്സിലായി.അവർക്കു ഇംഗ്ലീഷ് അത്ര പിടിയില്ല.....വൃത്തിയുടെ കാര്യത്തിലും ഹോളണ്ട് തന്നാണ് മുന്നിൽ...പക്ഷെ സ്പെയിനിലെ ആളുകൾ കുറച്ചുകൂടി ആളുകളോട് അടുത്തിടപെഴുകുന്നവരാണെന്നു തോന്നി..


യൂറോപ്പിലെ നാലാമത്തെ വലിയ രാജ്യമാണ് സ്പെയിൻ..സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്കാണ് നമ്മൾ പോകുന്നത്...
...സ്പെയിനിന്റെ പഴയ തലസ്ഥാനമായ ടോളിഡോ യിലും നമ്മളൊന്ന് കറങ്ങുന്നുണ്ട്....മാഡ്രിഡിലെത്തി ആദ്യം തന്നെ മാഡ്രിഡ് സിറ്റി ടൂർ ടിക്കറ്റ് സംഘടിപ്പിച്ചു.. അത്യാവശ്യം വലുപ്പമുള്ള രാജ്യമായ സ്പെയിനിലെ അമ്പത് പ്രൊവിൻസുകളിലെ  രണ്ടു പ്രൊവിൻസുകൾ  മാത്രമാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, മാഡ്രിഡും ടോളീഡോയും .....അതിൽ തന്നെ മ്യൂസിയങ്ങളെല്ലാം ഒഴിവാക്കേണ്ടി വന്നു ...രണ്ടു  കുട്ടികളുടെയും കൂടി താല്പര്യങ്ങൾ പരിഗണിക്കേണ്ടി വന്നപ്പോൾ ടോപ് അട്ട്രാക്ഷൻസ് ആയ പ്രാഡോ മ്യൂസിയവും റീന സൊഫീയ മ്യൂസിയവും ഒഴിവാക്കി..പിന്നെ റോയൽ പാലസിനുള്ളിലെ ഗൈഡഡ് ടൂറും വേണ്ടെന്നു വെച്ചു .. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഗാർഡ് ചേഞ്ചിങ്  സെറിമണി ഉണ്ട് റോയൽ പാലസിൽ..ഞങ്ങൾ ചെന്നത് ഒരു ബുധനാഴ്ചയായതിനാൽ അത് കാണാൻ കഴിഞ്ഞു...



ടെംപിൾ ഡെബോഡ് :ഒരു ഈജിപ്ഷ്യൻ ടെംപിൾ ആണ്....ചെറിയ ഒരു അമ്പലം...ഈജിപ്തുകാർ  1968 ഇൽ സ്പെയിനിനു നൽകിയതാണ് ഈ അമ്പലം..(ഈജിപ്തിൽ നിന്നും ഡിസ്‍മാൻറ്ൽ ചെയ്തു മാഡ്രിഡിൽ പണികഴിപ്പിച്ചത്  )...നമ്മുടെ നാട്ടിലെഅമ്പലങ്ങളുമായി താരതമ്യപ്പെടുത്താനുള്ള വലുപ്പം ഒന്നുമില്ല എങ്കിലും നിർമ്മാണത്തിൽ അല്പം വ്യത്യസ്തതയുണ്ട്.....  ഒരു ശുനകൻ അല്പം പുറകിലായി വിഹരിക്കുന്നതു കണ്ടു പുറകിൽ നിന്നും
ഏതു നിമിഷവും ഒരു  ആക്രമണവും പ്രതീക്ഷിച്ചു കൊണ്ട് അല്പസ്വല്പം പേടിച്ചാണ് ഫോട്ടം പിടിക്കാൻ നിന്നതു..


.
പ്ലാസ മേയർ:ഇതിവിടത്തെ പ്രധാനപ്പെട്ട സ്‌ക്വയർ ആണ്...ചുറ്റും ജനവാസമുള്ള മൂന്നുനില കെട്ടിടങ്ങളാണ്...ഒത്ത നടുവിൽ  ഫിലിപ്പ് മൂന്നാമൻ രാജാവിന്റെ ഒരു ബ്രോൺസ് പ്രതിമയുമുണ്ട്.. അവിടേം ഒന്നിറങ്ങി അൽപനേരം ചിലവഴിച്ചു....മാഡ്രിഡ് സിറ്റി ടൂർ ബസിലിരുന്ന്‌ പിന്നെയും പല  തവണ ഈ പ്ലാസ മേയറിലൂടെ  കടന്നു പോയി...



മെർക്കാഡോ ഓഫ് സാൻ മിഗുവേൽ :മാഡ്രിഡിലെ ഏറ്റവും പ്രശസ്തമായ മാർക്കറ്റ് ആണിത്...ടാപ്പാസും സീ ഫുഡും പഴങ്ങളും പച്ചക്കറികളും ഒക്കെയുള്ള വളരെ കളർഫുള്ളായ ഒരു മാർക്കറ്റ്...കെട്ടിടം ഉണ്ടാക്കിയിരിക്കുന്നത് ഇരുമ്പും ഗ്ലാസും കൊണ്ടാണ്...അവിടെ ചെന്ന് ആദ്യമായി നീരാളി ഫ്രൈ തിന്നു നോക്കി...സ്ക്വിഡ് പോലാണ് ടേസ്റ്റ് എങ്കിലും ഉപ്പിത്തിരി കൂടുതൽ ആയിരുന്നോണ്ട് അത്ര ഇഷ്ടപ്പെട്ടില്ല...പിന്നെ ടാപ്പസും മെക്സിക്കൻ റൈസും കഴിച്ചു...കഴിച്ച ഭക്ഷണം ഇഷ്ടപ്പെട്ടത് കൊണ്ട്   വീണ്ടും ഒരു തവണ കൂടി  ഞങ്ങളവിടെത്തി വാരിവലിച്ചു തിന്നു എന്ന കാര്യവും ഇവിടെ മറച്ചു വെക്കുന്നില്ല...




ബ്യുയെൻ റിട്ടെറോ  പാർക്ക്: വലിയൊരു പാർക്കാണിത്...പിള്ളേരേം കൊണ്ട് കുറച്ചു ദൂരം നടക്കാനും ഇരിക്കാനും കാറ്റ് കൊള്ളാനും പറ്റിയൊരു സ്ഥലം..ഒരു കൃത്രിമ തടാകവും തീരത്തു ഒരു രാജാവിന്റെ മോണുമെന്റും കാണാം..


മാഡ്രിഡ് ഫുട്ബോൾ സ്റ്റേഡിയം:   സ്റ്റേഡിയത്തിന്റെ ഫൗണ്ടർ ആയ സാന്റിയാഗോ ബെർണാബ്യൂ ന്റെ പേരിൽ  ബെർണാബ്യൂ സ്റ്റേഡിയം എന്നാണ്  ഈ സ്റ്റേഡിയം അറിയപ്പെടുന്നത്... സ്റ്റേഡിയം ഗൈഡഡ് ടൂർ ഉണ്ടായിരുന്നു...ഫിഫ ലോകകപ്പ് , കളിക്കാരുടെ ജേഴ്‌സി, ഷൂ, ഗോൾഡൻ ബൂട്ട്, ട്രോഫികൾ  എല്ലാമുള്ള  ഒരു  മ്യൂസിയവുമുണ്ടിവിടെ..     അവിടമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി മോന് ഒരു ഫുട്ബോൾ ജേർസിയും വാങ്ങി കുറച്ചു ഫോട്ടോകളുമൊക്കെ എടുത്തു ഞങ്ങൾ അവിടന്ന്  പടിയിറങ്ങി...മോന് ഫുട്ബോൾ കുറച്ചു ഇഷ്ടമുള്ളൊണ്ട് അവിടം കുറച്ചു കൂടുതൽ സമയം ചിലവഴിച്ചു...




ടോളിഡോ:  മാഡ്രിഡ് സിറ്റി ടൂറിൽ ഉൾപെട്ടിട്ടില്ലാത്തോണ്ടു അവിടെ കണ്ട ഒരു ചെറിയ  ഒരു  കടയിൽ നിന്നും ടോളിഡോ ക്കുള്ള ബസ് ടിക്കറ്റു വാങ്ങി...മാഡ്രിഡിൽ പോകുന്നുണ്ടേൽ നിങ്ങളുടെ ലിസ്റ്റിൽ തീർച്ചയായും ഉൾപെടുത്തേണ്ട സ്ഥലമാണ്   ടോളിഡോ... സ്പെയിനിൽ നിന്ന് പോരുമ്പോൾ മനസ്സിൽ തങ്ങി നിന്നതും ഇവിടേക്കുള്ള യാത്ര  തന്നെയായിരുന്നു...ആദ്യം മെൻഷൻ ചെയ്തിരുന്ന പോലെ സ്പെയിനിന്റെ പഴയ തലസ്ഥാനമാണ്    ടോളിഡോ...തികച്ചും പൗരാണികമായ നഗരം...മാഡ്രിഡിൽ നിന്നും തികച്ചും വ്യത്യസ്തം...അവിടത്തെ കെട്ടിടങ്ങളിലൊക്കെ ക്രിസ്ത്യൻ മുസ്ലിം ജ്യൂവിഷ് കൾചറുകളുടെ സ്വാധീനം കാണാം...ലോഹങ്ങൾ കൊണ്ടുള്ള വാളുകൾക്കും മറ്റു യുദ്ധോപകരണങ്ങൾക്കും പ്രശസ്തമാണിവിടം...... ..കേബിൾ കാറിൽ നഗരം ചുറ്റി മുഴുവൻ ഒന്ന് ചുറ്റി കണ്ടു..പിന്നീട് അവിടത്തെ വഴികളിലൂടെ കുറച്ചു നടന്നു....തിരിച്ചു മാഡ്രിഡിലേക്കുള്ള ബസിനു ടിക്കറ്റ് മുൻപേ എടുത്തിരുന്നെങ്കിലും  കുറച്ചു കൂടുതൽ  സമയം കാത്തു നിൽക്കണം എന്നുള്ളത് കൊണ്ടും ട്രെയിൻ യാത്ര ഒന്ന് എക്സ്പീരിയൻസ് ചെയ്യാമല്ലോ എന്ന് തോന്നിയതിനാലും തിരിച്ചു മാഡ്രിഡിലേക്കു ട്രെയിൻ ടിക്കറ്റ്  എടുത്തു...അൽപ നേരം റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും ഒന്ന് കറങ്ങി മാഡ്രിഡിലേക്കു തിരിച്ചു പോന്നു..








ലാസ് വെന്റാസ്  ബുൾ ഫൈറ്റ് സ്റ്റേഡിയം:   ഞങ്ങളുടെ യാത്രയുടെ അവസാന ദിവസമാണ് ഇവിടം   സന്ദർശിക്കുന്നത്...ഇവിടേം ഒരു ഗൈഡഡ് ടൂറും പിന്നെ ബുൾ ഫിഗ്റ്റേഴ്സിന്റെ അക്‌സെസ്സറിസ് ഒക്കെയുള്ള മ്യൂസിയവും ഒക്കെയുണ്ട്...ബുൾ ഫൈറ്റിന്റെ വീഡിയോസ് ഒക്കെ അവിടെയുള്ള സ്‌ക്രീനിൽ  മായുന്നുണ്ട്..അത് കണ്ടു മോൻ  കുറച്ചു ഡിസ്റ്റർബേഡ് ആയി......അവിടെ ഗാ ർഡ് ആയി നിൽക്കുന്ന  ഒരാൾ ബുൾ ഫൈറ്റിനെ പറ്റി സംസാരിച്ചപ്പോൾ സിനോജ്  നമ്മുടെ  നാട്ടിലുള്ള
ജെല്ലിക്കെട്ടിനെ പറ്റിയും അതിവിടെ ഉണ്ടാക്കി യ കോൺട്രോവേർസിയെ  പറ്റിയും   പറഞ്ഞു... വളരെയധികം അഭിമാനത്തോടെയും വികാരത്തോടെയുമാണ് ബുൾ ഫൈറ്റ് നെ  പറ്റി  അയാൾ സംസാരിച്ചത്..അവർ ബുൾസിനെ ട്രീറ്റ്   ചെയ്യുന്നത് ഒരു രാജാവിനെ പോലാണെന്നും സാധാരണ ഇറച്ചി കാളകളെ  പോലല്ല എന്നും അതവരുടെ സംസ്കാരവുമായി എത്ര അടുത്ത് കിടക്കുന്നുവെന്നും അയാൾ വളരെയധികം ആവേശത്തോടെ വിവരിച്ചു...നല്ല ഒഴുക്കോടെയാണ് ഇംഗ്ലീഷ് സംസാരിച്ചത്...





മാഡ്രിഡിൽ നിന്നും തിരിച്ചു ഖത്തറിലേക്കു പറക്കുമ്പോൾ ഒരുപിടി നല്ല ഓർമകളുമായി മനസ്സ് നിറഞ്ഞിരുന്നു...എങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ മോള് എന്റെ ഒക്കത്ത് മാത്രേ ഇരിക്കു അവളെ എടുത്തു ഞാൻ ശരിക്കും ക്ഷീണിച്ചിരുന്നു.....എങ്കിലും  ഒരിക്കലും മറക്കാത്ത എന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന  ഒരു പിടി നല്ല ഓർമ്മകൾ ആ യാത്ര .സമ്മാനിച്ചു...

വാൽകഷ്ണം:

മാഡ്രിഡിൽ ഭാഷ ഒരു പ്രശ്നമായിരുന്നുവെന്നു .പറഞ്ഞല്ലോ....മോന് സ്പാനിഷ് ആണ് സെക്കന്റ് ലാംഗ്വേജ് എന്നുള്ളൊണ്ട് അവനായിരുന്നു ഞങ്ങളുടെ ഭാഷാസഹായി....അവൻ  ചെയ്ത ഒരു ഒന്നൊന്നര സഹായം കൂടി ഞാനിതിലുൾപ്പെടുത്തുന്നു....എന്റേം മോൾടേം മുടി നല്ല പരുപരുത്ത ചകിരി പോലായൊണ്ട്  മാഡ്രിഡിൽ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എണ്ണ തേക്കാതെ നല്ല പരുവമായി...ഹോട്ടലിലെ കണ്ടിഷണർ ഒന്നുമങ്ങോട്ടു ഏൽക്കുന്നില്ല ..അങ്ങിനാണ് എണ്ണ വാങ്ങാൻ ഞങ്ങൾ കടകൾ തേടി  നടക്കുന്നത്...അവസാനം ഒരു ഫർമസിയിൽ കയറി...ഇംഗ്ലീഷ് അറിയാത്ത അവിടുണ്ടായിരുന്ന ചേച്ചിയോട് എണ്ണ കയ്യൂമ്മേം തലേമേം ഒക്കെ  തേക്കുന്ന ആംഗ്യം ഒക്കെ  കാണിച്ചുകൊണ്ടും പിന്നെ മോന്റേ കുറച്ചു സഹായത്താലും  ഒരു വിധം മനസ്സിലാക്കിപ്പിച്ചു കൊടുത്തു....അവരൊരു എണ്ണ എടുത്തു ..തന്നു..ഇനി  വില ചോദിച്ചു  മനസ്സിലാക്കണം...  അവരെന്തോ പറഞ്ഞു...മോൻ പറഞ്ഞു തന്നു ഇരുപത്തെട്ടു യൂറോ...മോൻ ട്രാൻസ്ലേറ്റ് ചെയ്യുന്നത് കണ്ടു അവർക്കു വല്ലാത്ത സന്തോഷം...ഞങ്ങളാണെലോ    മാതാപിതാക്കൾ എന്ന നിലയിൽ അഭിമാനത്തിന്റെ(അഹങ്കാരത്തിന്റെ എന്നും പറയാം) കൊടുമുടിയിലാണ് ... നാട്ടിലെ രൂപയായി മാറ്റുമ്പോൾ കുറച്ചു കൂടുതലാണ്...എങ്കിലും ആ സ്ത്രീയുടെ പ്രോത്സാഹനവും  മുടീടെ ദയനീയമായ അവസ്ഥയും പരിഗണിച്ചു കൊണ്ട്  ഓക്കേ പറഞ്ഞു..... നൂറു യൂറോ കൊടുത്തു..ബാക്കി തിരിച്ചു കിട്ടിയത് വെറും നാല്പത്തിരണ്ട് ...കണക്കങ്ങോട്ടു ശരിയാവുന്നില്ല... ഞങ്ങൾ ഒരു വിധം ചോദിച്ചു മനസ്സിലാക്കി വന്നപ്പോഴാണ് അത് ട്രാൻസ്ലേഷനിൽ അപ്പുണ് പറ്റിയ പിഴവാണെന്നു മനസ്സിലായത്...അങ്ങനെ നാലായിരത്തി ഇരുന്നൂറു രൂപയുടെ ആർഗൻ  ഓയിലും വാങ്ങി പ്ലിങ്ങിത്തരായി ഞങ്ങൾ കടയിൽ നിന്നിറങ്ങി...               

Wednesday 29 March 2017

ഒരു മുള്ളൽ കഥ




രണ്ടു മൂന്നു മാസങ്ങൾക്കു മുൻപുള്ള ഒരു രാത്രി...സമയം ഒരു എട്ടുമണി ആയി കാണും..ഞാനും അമ്മുക്കുട്ടിയും എസ്ദാൻ 9 കോമ്പൗണ്ടിൽ ഫ്ലാറ്റിനുള്ളിൽ തനിച്ചാണ്...അപ്പുവും , സിനോജ്ഉം പുറത്തുപോയിരിക്കുന്നു...അമ്മുക്കുട്ടി തൻറെ പതിവ് കലാപരിപാടികളിൽ വ്യാപൃതയാണ്..അതായത്..അവൾക്കു ഞാനൊരു ഗ്ലാസിൽ വെള്ളം കുടിക്കാൻ കൊടുത്തിരുന്നു..ആ വെള്ളം ഒരു ഗ്ലാസിൽ നിന്നും വേറൊരു ഗ്ലാസ്സിലേക്കും തിരിച്ചും ഒഴിച്ചു കൊണ്ടിരിക്കുന്നു,,,ഇനി തറയിൽ പോയ വെള്ളം സ്വന്തം ഉടുപ്പ് കൊണ്ട് വൃത്തിയായി തുടക്കുന്നു...ഈ സംഭവം തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു...എന്ത് മനോഹരമായ കളി അല്ലെ...തറയും ഉടുപ്പും മുഴുവൻ നനച്ചാലും കുറച്ചു സമയം നമ്മളെ ശല്യപ്പെടുത്താതെ സ്വയം എന്ജോയ് ചെയ്തു കളിക്കുന്ന കളിയായതു കൊണ്ട് ഞാൻ ചീത്ത പറയാൻ പോകാറില്ല...
അല്പസമയം നീണ്ട ഈ കലാപരിപാടിക്ക് ശേഷം അവളെന്റെ അടുത്ത് വന്നു..ആ ഉടുപ്പൊന്നു മാറികിട്ടണം...ഉടുപ്പ് അപ്പടി നനഞ്ഞു..അതാണാവശ്യം...ഞാൻ അവള് കാണിച്ചു തന്ന ഉടുപ്പ് തന്നെ അവളുടെ കയ്യിൽ കൊടുത്തു അലമാര അടച്ചു സ്വതസിദ്ധമായ ഒരു മന്ദതയോടെ നടന്നെത്തുമ്പോഴേക്കും പുള്ളിക്കാരി അടുത്ത റൂമിലേക്കോടി റൂമിന്റെ ലോക്കുമിട്ടു...
ഇത്തവണ ഞാൻ ശരിക്കും ഒന്ന് ഞെട്ടി...റൂം പൂട്ടി ഉടുപ്പ് മാറി പുറത്തു വരിക എന്നതാണ് അവളുടെ ഉദ്ദേശം...എന്നാൽ ഒരു രണ്ടേ കാൽ വയസ്സുകാരിക്ക് പൂട്ടാൻ പറ്റാത്ത പൂട്ടാണത് ..ഇനീപ്പോ പൂട്ടിയാൽ തന്നെ തുറക്കാൻ അത്ര എളുപ്പമല്ല എന്നതാണ് എന്റെ ആഞ്ഞുള്ള ഞെട്ടലിനു പിന്നിലെ യഥാർത്ഥ ചേതോവികാരം...അവളാണേൽ താനേതോ വലിയ സംഭവം ചെയ്ത മട്ടിൽ ചിരിക്കുന്ന ശബ്ദവും കേൾക്കാം..
ഒരു രണ്ടു മൂന്നു നിമിഷ നേരത്തെ ചിരിക്കും വാതിൽ തുറക്കാനുള്ള വിഫല ശ്രമത്തിനും ശേഷം തനിക്കു അക്കിടി പറ്റിയ കാര്യം അവൾ തന്നെ മനസ്സിലാക്കുകയും ആ ചിരി പതുക്കെ കരച്ചിലിലേക്കു വഴി മാറുകയും ചെയ്തു.....കരച്ചിലിന്റെ താളം മുറുകി വരുന്നു..'അമ്മ വാതിൽ തുറക്ക് എന്ന് പറഞ്ഞാണ് കരച്ചിൽ മുഴുവൻ...ഞാൻ എസ്ദാൻ എമർജൻസി വിളിച്ചു പറഞ്ഞെങ്കിലും അവരെത്താൻ ഒരു പത്തു പതിനഞ്ചു മിനിട്ടെങ്കിലുമെടുക്കും...അമ്മുവാണെങ്കിൽ ഫുൾ ഫോമിൽ നിർത്താതെ കരച്ചിലാണ്...എനിക്ക് തുറക്കാമായിരുന്നിട്ടും ഞാൻ വാതിൽ തുറന്നു കൊടുക്കുന്നില്ല എന്ന മട്ടിലാണ് അവളുടെ കരച്ചിൽ...
അതിനിടെ കരച്ചിലിനിടക്ക് ഒരു പുതിയ ആവശ്യം കൂടി ഉയർന്നു വന്നു...ഉമ്പുള്ളണം(അതായത് മൂത്രമൊഴിക്കണം) എന്നതാണ് പുതിയ ആവശ്യം...
വീട്ടിനുള്ളിൽ ഡയപ്പെർ കെട്ടുന്ന ശീലം ഒഴിവാക്കുന്ന സമയം..അതോണ്ട് അവൾ ഉമ്പുള്ളണം എന്നെങ്ങാനും പറഞ്ഞാൽ അത് മുഴുവൻ പറഞ്ഞുതീരുന്നേനു മുൻപ് തന്നെ ഏതു മലമറിക്കുന്ന പണിടെ ഇടയിലാണേലും ഞാൻ ഓടി ചെന്ന് മുൻപിലുള്ള തടസ്സങ്ങളെല്ലാം ചാടിക്കടന്നു കളിപ്പാട്ടങ്ങൾ കസേര ആദിയായവയെല്ലാം തള്ളിമാറ്റി അവളെയുമെടുത്തു ടോയ്‌ലെറ്റിലേക്കു ഓടുകയാണ് പതിവ്...എന്റെയീ വെപ്രാളവും ഓട്ടവുമെല്ലാം കണ്ടു രസംപിടിച്ചു അമ്മുക്കുട്ടി കയ്യടിച്ചും ചിരിച്ചും ആവോളം പ്രോത്സാഹിപ്പിക്കാറുമുണ്ട്...ഇത്തവണ എന്തായാലും ഒരു രക്ഷയുമില്ല, അവളോട് റൂമിൽ തന്നെ മുള്ളിക്കോളാൻ പറഞ്ഞു...
ഈ സംഭവങ്ങളുടെ ഇടയ്ക്കു വാതിലിന്റെ ഹാന്റിലിന്റെ അടിയിലുള്ള നോബ് പിടിച്ചു തിരിക്കാൻ ഞാൻ അവളോട്‌ പറഞ്ഞുകൊണ്ടിരുന്നു...അവളതു പിടിച്ചു തിരിക്കാൻ ശ്രമിക്കുന്ന ശബ്ദം നമുക്ക് പുറത്തു നിന്ന് കേൾക്കാം..ലോക്ക് പകുതി മാത്രം അടഞ്ഞതു കൊണ്ടോ മറ്റോ അവൾക്കു തന്നെ അവസാനം വാതിൽ തുറക്കാൻ പറ്റി...ഒരു പാട് നാളുകൾക്കു ശേഷം പരസ്പരം കാണുന്നവരെ പോലെ ഞങ്ങൾ കുറച്ചു നേരമെവിടെ പരസ്പരം നിർന്നിമേഷനായി നോക്കി നിൽക്കുകയും , അശ്ലേഷിച്ചും ഉമ്മവെച്ചും സ്നേഹവും ആശ്വാസവും പങ്കു വെയ്ക്കുകയും ചെയ്തു..അപ്പോഴാണ് പെട്ടെന്ന് മൂത്രം തുടച്ചു വൃത്തിയാക്കേണ്ട കാര്യമോർത്തത്‌ ..ഒരു തുണിയെടുത്തു ഞാൻ മുറിയിലെത്തി... മുറി മുഴുവൻ അരിച്ചു പെറുക്കി നോക്കിയിട്ടും ഒരു തരി വെള്ളം പോലും റൂമിലെങ്ങുമില്ല ..പതിയെ ആ സത്യം എന്റെ മുൻപിൽ തെളിഞ്ഞു വന്നു..
അതവളുടെ ഒരു സൂത്രം ആയിരുന്നിരിക്കണം ..അതായത് അവൾ മുള്ളണം ന്നു പറഞ്ഞു വാശിപിടിച്ചപ്പോൾ അവൾ കരുതിയിട്ടുണ്ടാകുക സാധാരണ സിനിമയിൽ കാണുന്ന ഒരു ക്‌ളീഷേ സീനുണ്ടല്ലോ.. വില്ലന്റെ കയ്യിൽ നിന്നും നായികയെ രക്ഷിക്കാൻ വരുന്ന നായകൻ... അത് പോലെ ഞാൻ വാതിലൊക്കെ ചവിട്ടി പൊളിച്ചു അവളേം എടുത്തു കൊണ്ട് പുറത്തേക്കു പോരും എന്നായിരിക്കണം .
ഈ സംഭവത്തിനു ശേഷം ഒരിക്കലും അവൾ വാതിൽ ലോക്ക് ചെയ്യാൻ മെനക്കെടാറില്ല..മാത്രമല്ല ...പലപ്പോഴും വേണ്ട സമയത്തു ബുദ്ധി പ്രയോഗിക്കാൻ കഴിയാത്തതിനാൽ ഒരു പാട് അവസരങ്ങൾ കൈവിട്ടു കളഞ്ഞിട്ടുള്ളതിനാലും അതിൽ ഇച്ചിരി പശ്ചാത്താപങ്ങളൊക്കെയുള്ളതിനാലും ഞാൻ അമ്മുക്കുട്ടിയെ ഒരല്പസ്വൽപം ബഹുമാനം കലർന്ന അസൂയയോടെയൊക്കെ നോക്കാൻ തുടങ്ങിയത് ഈ സംഭവത്തിനു ശേഷമാണ്...

Monday 9 February 2015

ചില പിറന്നാൾ ചിന്തകൾ


പിറന്നാളുകൾ സന്തോഷം കൊണ്ടുവരുന്നു എന്നാണു വെയ്പ് ..അങ്ങിനെ തന്നെയാണോ എന്ന് ചോദിച്ചാൽ ഒരു സംശയമുണ്ട് ..ഒരു മുപ്പതു വയസ്സ് കഴിഞ്ഞാൽ അങ്ങിനെയല്ലെന്നാണ് തോന്നുന്നത്..അത് കഴിഞ്ഞാൽ പിറന്നാളുകൾ  മുന്നറിയിപ്പുകളാണ് ..ഹാഫ് ടൈം കഴിഞ്ഞു ..അതും ഏറ്റവും ഉഷാറുള്ള ഹാഫ് ടൈം കഴിഞ്ഞു..എന്നോർമിപ്പിക്കുന്ന ദിവസം ..പിറന്നാൾ  കേക്കിന്റെ  ഉച്ചിയിലിരിക്കുന്ന മെഴുകുതിരികൾ പല്ലിളിച്ചു കൊണ്ട് ചോദിക്കുന്ന പോലെ തോന്നും.. "എടൊ മനുഷ്യാ  വയസ്സിത്രയായില്ലേ..ഇനിയും ഇങ്ങനെയൊക്കെ നടന്നാൽ മതിയൊ.. എന്തേലും ഒരു ലക്ഷ്യമൊക്കെ വേണ്ടേടോ ."

സിനിമ കാണാൻ ഇഷ്ടമായത് കൊണ്ട് മിക്ക സിനിമകളും കാണാറുണ്ട്‌..ഈ അടുത്ത് കണ്ട
 ഹോംലി   മീൽസ് എന്ന സിനിമയിലെ  നായകൻ, കമലഹസ്സൻ പറഞ്ഞിട്ടുള്ള  ഒരു കാര്യം കമലഹസ്സന്ടെ ശബ്ദത്തിൽ തന്നെ, ആ സിനിമയിൽ  പറയുന്നുണ്ട് ..അതായത് ആളുകൾക്ക് പ്രശ്നങ്ങളുണ്ടാകുന്നതും പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും എല്ലാം ഭൂമിയുണ്ടായ കാലം മുതൽക്കു ആളുകള് ചെയ്യുന്നതാണ് ..അതിൽ കൂടുതൽ നിങ്ങൾക്കെന്തെങ്കിലും നിങ്ങളുടെ ജീവിതത്തിൽ  ചെയ്യാൻ പറ്റുമെങ്കിൽ അതിന്റെ പേരാണ് ജീവിതം..അത് കേട്ടപ്പോളൊരു  പേടി..ഇനി ജീവിക്കാതെങ്ങാനും  മരിക്കേണ്ടി  വരുമോ..എന്ന്..

അത് കേട്ടപ്പോൾ തുടങ്ങി ..ചിന്ത..അത് ചെയ്യണോ...ഇത് ചെയ്യണോ..അല്ല അത് രണ്ടും കൂടി ചെയ്താൽ  ശരിയാവുമോ ??അല്ലേൽ വേറെന്തേലും കൂടി ചെയ്യണോ  ...ഇത് ഒരു പതിവാണ്..പേടിക്കേണ്ട കാര്യമില്ല...ഇതിനെ നമുക്ക് എന്തിനെ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ഘട്ടം എന്ന് വിളിക്കാം..ഒരു രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ നമ്മുടെ സ്ഥായിയായ  അവസ്ഥ അതായത് ഹൈബെർനേഷൻ എന്ന അവസ്ഥയിലേക്ക് തിരിച്ചുവരും..

അങ്ങനെ ആലോചിച്ചു ആലോചിച്ചു തല പുകച്ചു ..അങ്ങനെ കൂലുങ്കുഷിതമായി ആലോചിച്ചിട്ടാണോ  എന്നറിയില്ല ഏതാനും ദിവസം മുമ്പ് തല വെറുതെ  നോക്കിയപ്പോളാണ്‌ രണ്ടു മൂന്നു വെള്ളിമുടികൾ ..ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോളാണ്‌  രണ്ട് മൂന്നെണ്ണമൊന്നുമല്ല...കൂടുതലുണ്ട്..ഇനിയും എണ്ണിനോക്കി ഉള്ള മനസമാധാനം കൂടി കളയണ്ടല്ലോ   എന്ന്  കരുതി എണ്ണി നോക്കാൻ നിന്നില്ല ..തല മുഴുവൻ ഒരു ധവള വിപ്ലവം ആകുന്നതിനു മുൻപ്   അടുത്തുള്ള ഷോപ്പിൽ ചെന്ന് ഹെന്ന വാങ്ങി തേച്ചു പിടിപ്പിച്ചു...'തല' സ്റ്റൈൽ..അല്ലേൽ  'ലാലേട്ടൻ ' സ്റ്റൈൽ എന്നൊക്കെ നമുക്ക് പറയാൻ മാത്രം നടിമാരോന്നും സ്റ്റൈൽ കൊണ്ട് വരാത്തത്  കൊണ്ട് നമുക്ക് ഹെന്ന സ്റ്റൈൽ  തന്നെ ശരണം..

രണ്ടു ദിവസം മുൻപ് ഒരു സ്വപ്നം ..രാത്രിയുടെ ഇരുണ്ട യാമത്തിൽ അത് കണ്ടു ഞാൻ  ഞെട്ടിയുണർന്നു ...സൂര്യ ടി വി യിലെ കുട്ടിപട്ടാളം ആണ് വേദി..അതിലെന്റെ മകളുമുണ്ട് (വെറും അഞ്ചു മാസം പ്രായമായ മോൾക്ക്‌ സ്വപ്നത്തിൽ അഞ്ചു വയസ്സുണ്ട്..സ്വപ്നമല്ലേ എന്തും കണ്ടൂടെ..) അതിൽ അവതാരികയായ സുബിയുടെ ഒരു കൊനഷ്ട്ട്  ചോദ്യം ..മോൾടെ  അമ്മ എന്ത് ചെയ്യുന്നു..അവളുടെ ഉത്തരം..വീട്ടിൽ പാത്രം കഴുകുന്നു..ചുറ്റും പൊട്ടിച്ചിരികൾ മുഴങ്ങി...

സാമ്പാർ വീണ്ടും തിളക്കാൻ തുടങ്ങിയിരിക്കുന്നു..

Thursday 29 November 2012

ആംസ്റെര്‍ഡാമിലെ മെഴുകു മ്യുസിയം

ഇത് ആംസ്റെര്‍ഡാമില്‍ വെച്ച് നടക്കുന്ന ഒരു സംഭവമാണ്..ഏകദേശം ഒരു നാല് കൊല്ലം മുന്‍പ് ...അന്ന് എനിക്ക്  ഇന്നത്തെ പോലെ വെറുതെ വീട്ടില്‍ കുത്തിയിരിപ്പല്ല പണി .ഒരു ചെറിയ ജോലിയൊക്കെയായി ബിസിയാണ് . ഇപ്പോള്‍ എന്താണെന്നോ മെയിന്‍ പരിപാടി..ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചിരിക്കുക..ഇന്നലെ ആലോചിച്ചപ്പോലാണ് ഒരു കാര്യം മനസ്സിലായത്...കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇത് ആലോചിക്കുക എന്നതല്ലാതെ വേറൊന്നും കാര്യമായി ചെയ്തിട്ടില്ല..

അത് വിട്...നമുക്കിനി തിരിച്ചു കഥയിലേക്ക് പോകാം..ആ കാലത്ത് എന്‍റെ ഒരു സഹജോലിക്കാരന്‍ അങ്ങേരെ നമുക്ക് ശ്രി എന്ന് വിളിക്കാം നാട്ടിലേക്ക് തിരിച്ചു പോകുവാണ്.ഇനി മിക്കവാറും തിരിച്ചു വരാന്‍ പറ്റില്ല..അങ്ങേര്‍ക്കു ഒരാഗ്രഹം..ഈ ആംസ്റെര്‍ഡാമൊക്കെ ഒന്ന് ചുറ്റി കാണണം. ആറു മാസമായി ഇവിടുണ്ടായിരുന്നെലും ഒന്നും ശരിക്കങ്ങു കാണാന്‍ പറ്റിയില്ലാ..അങ്ങേര്ടെ കൂടെയുള്ളവരൊക്കെ ഓരോരോ രാജ്യങ്ങളൊക്കെ കാണാന്‍ പോയിരിക്കാന്ന്..അങ്ങേര്‍ക്കൊരു കൂട്ട് വേണം...എന്നെ വിളിച്ചു..എനിക്ക് അല്‍പ സ്വല്പം സ്ഥലത്തെ പറ്റി  വിവരമുണ്ടെന്നാണ് അങ്ങേര്‍ടെ ധാരണ..സാധാരണ എന്നെ കാണുന്നവര്‍ക്കൊക്കെ ഒറ്റനോട്ടത്തിലെ ഞാനൊരു പൊട്ട കിണറ്റിലെ തവള ആണെന്ന് മനസ്സിലാവാറുണ്ട്..അങ്ങനെ ഒറ്റ നോട്ടത്തില്‍ മനസ്സിലാവാത്തവര്‍ക്ക് ഞാന്‍ വായ തുറന്നാലെങ്കിലും  മനസ്സിലാവും..പാവം മനുഷ്യന്‍ അങ്ങേര്‍ക്കു മനസ്സിലായില്ല..എന്തായാലും   ഞാന്‍ സമ്മതം മൂളി..എനിക്കാണേല്‍ വീകെന്ട് മഹാബോരടിയാണ്..ആകെയുള്ള ഒരു കൊച്ചും ഭര്‍ത്താവും അങ്ങ് നാട്ടിലായിരുന്നു...

അങ്ങനെ ആംസ്റെര്‍ഡാമില്‍ വാക്സ് മുസിയം കാണാന്‍ പോകുകയാണ്...നമ്മുടെ ശ്രി ഭയങ്കര സന്തോഷത്തിലാണ്...ഒരു വാക്സ് പ്രതിമയെയും വെറുതെ വിടാനുള്ള ഭാവമില്ല..എനിക്കാണേല്‍ വല്യ ഇന്ട്രെസ്റ്റ് ഒന്നുമില്ലാ..ഒന്നാമത് ഞാനൊരു നാണം കുനുങ്ങിയാണ്..ഫോട്ടോ എന്ന് കേട്ടാല്‍ ഓടി ഒളിക്കുമായിരുന്നു പണ്ട്..ഇപ്പം സ്വല്പം  മാറ്റമൊക്കെ ഉണ്ടെങ്കിലും വല്യ കാര്യമായിട്ടൊന്നുമില്ല ..പോരാത്തേന് മഹാ തനുപ്പത്തിം..സാക്ഷാല്‍ വാക്സ് മഹാന്മാരു ജീവനോടെ വന്നടുത്തു നിന്നോട്ടെ എന്ന് ചോദിച്ചാല്‍ പോലും  ഞാനൊന്നു ഉഷാറാവും എന്ന് തോന്നണില്ല...ശ്രിയാണേല്‍ ഇനിയെന്ത് പോസിടനം ഏതേലും പ്രതിമേനെ നമ്മള്‍ മിസ്സ്‌ ചെയ്തോ എന്നൊക്കെ പറഞ്ഞോണ്ട് ഓടി നടപ്പാണ്...ഇടയ്ക്കിടയ്ക്ക് കിട്ടി കിട്ടി എന്ന് പറഞ്ഞു തുള്ളി ചാടുന്നുണ്ട് ..എന്താണ് കിട്ടിയതെന്ന് അന്വേഷിച്ചപ്പളല്ലേ മനസ്സിലാവുന്നെ ഏതോ തമിഴ് സിനിമേല്‍ സൂര്യയുടെയും വിജയിന്‍റെയും ഒക്കെ പോസ്‌ ഓര്‍മ വന്നതിന്‍റെ സന്തോഷമാണെന്ന്.അങ്ങിനെ ഓര്‍മ വന്ന പോസുകളൊക്കെ ഓരോ പ്രതിമയിലും പരീക്ഷിച്ചു കൊണ്ട് ഞങ്ങള്‍ നടന്നു..ഞാനാണ് ഫോട്ടോഗ്രാഫര്‍..ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഫോട്ടോക്ക് പോസ് ചെയ്യണ്ടല്ലോ..അതോണ്ട് ഞാനാ പണി സ്വീകരിച്ചു..

അങ്ങനെ ഞങ്ങള്‍ നടന്നു നീങ്ങുകയാണ്..ഒരു സ്ഥലം  ഉണ്ട്...അവിടെ ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരുമോന്നും പോകരുതെന്നെഴുതി വെച്ചിട്ടുണ്ട്..കണ്ടപ്പോഴേ ഞാന്‍ പറഞ്ഞു നമുക്കത് വേണ്ട സ്കിപ്പ് ചെയ്യാം...ഉള്ളില്‍ നിന്ന് ആ ആ എന്നുള്ള നിലവിളിയും മറ്റും കേള്‍ക്കുന്നുമുണ്ട്..പുറത്തിറങ്ങി വരുന്നവരുടെയൊക്കെ മുഖഭാവം കണ്ടതു കൊണ്ട് ഒരു  ബുദ്ധിപരമായ ഒരു നീക്കം എന്ന നിലക്കാന് അത് സ്കിപ് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞത്.. ഞാനൊരു മഹാ പേടിത്തോണ്ടിയാനെന്നു നാട്ടുകാരെ  മൊത്തം അറിയിക്കണ്ട ആവശ്യമില്ലല്ലോ ..അപ്പൊ നമ്മുടെ ശ്രിക്ക്  ഒരേ ഒരു നിര്‍ബന്ധം അതില്‍ കയറിയേ തീരു..കയറിയേ തീരു എന്ന് പറഞ്ഞാല്‍ കയറിയേ തീരു....മനസ്സില്ല മനസ്സോടെ ഞാനും സമ്മതിച്ചു..ഒരു കണ്ടിഷനില്‍ ആദ്യം അവന്‍ കേറണം..അതിനൊക്കെ  ആള് പണ്ടേ റെഡിയാണ്..നിനക്ക് പേടിയാനല്ലെ കഷ്ടം എന്നൊരു കമെന്റും ഒരു ചിരിയും പാസ്സാക്കി ആളും ബാക്കില്‍ ഞങ്ങള്‍ കുറെ പേരും കൂടി സ്ടാളിലേക്ക് കടന്നു..അവിടാണെങ്കില്‍ കുറ്റാകൂരിരുട്ട് ...ശ്രി സ്ടാളിലേക്ക് കടന്നതും ഒരു വൃത്തികെട്ട രൂപം അങ്ങേര്‍ടെ കൈ പിടിക്കാന്‍ നോക്കി ..പിന്നെ ഒരു അലര്‍ച്ചയും...കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് നമ്മുടെ ശ്രി യെ കാണാനില്ല..നോക്കിയപ്പോള്‍ എന്‍റെ പിന്നില്‍ പുള്ളി ഒളിച്ചിരിപ്പാണ്..അവിടെ വേറേം കുറെ രൂപങ്ങള്‍ അലറിയും ചോരയോളിപ്പിച്ചും നില്‍ക്കുന്നുണ്ട്..ശ്രി ആണേല്‍ മുന്നിലേക്ക്‌ വരുന്ന ഒരു ലക്ഷണവുമില്ല...പിന്നെ രണ്ടും കല്പിച്ചു ഞാന്‍ മുന്നില്‍ തന്നെ നടന്നു..ഞാനൊരു സ്റ്റെപ്പ് വെക്കുമ്പോ പുള്ളി ബാക്കിലൊരു സ്റ്റെപ്പ് വെക്കും..ഒച്ചിനെ  പോലെ ഇടയ്ക്കിടയ്ക്ക് ബാക്കില്‍ നിന്ന് ഒരു തല മാത്രം പുറത്തേക്ക് കാണാം..അത്ര തന്നെ.. .എന്തായാലും പുറത്തിറങ്ങിയപ്പോള്‍ ആള്‍ടെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു...ഇഞ്ചി കടിച്ച ആരെയോ പോലെ..


വാല്‍കഷണം: ഇത് ഏതായാലും അങ്ങേരു വായിക്കില്ല..അങ്ങേരു ഒരു മലയാളിയല്ല..പിന്നെ ആരേലും ട്രാന്‍സ്ലേറ്റു ചെയ്തു കൊടുത്താലോ എന്ന് വെച്ച് പേരും തെറ്റിച്ചാ കൊടുത്തെക്കുന്നെ..ഇനി അതും ഏറ്റില്ലേല്‍ എന്‍റെ കാര്യം പോക്കാ..

Saturday 17 March 2012

ഒരു തൃശൂര്‍ ബസും പിന്നെ ഞങ്ങളും...

കോതമംഗലത്ത് നിന്നും പെരുമ്പാവൂര്‍ കൂടി വീട്ടിലേക്കുള്ള പതിവ് യാത്ര...അന്ന് റെയ്നി കൂടി ഉണ്ട്...പുള്ളിക്കാരിക്കരിടെ വീട് അലുവായിലാണ്...
അലുവാക്ക് അവിടെ നിന്നും എപ്പോഴും ബസുണ്ട്.....വല്ലപ്പോഴും വരുന്ന തൃശൂര്‍ ബസ് പോലല്ല....

പെരുമ്പാവൂര്‍ക്കുള്ള പ്രൈവറ്റ് ബസ്‌ സ്റ്റോപ്പില്‍ നിന്നും ട്രാന്‍സ്പോര്‍ട്ട്ബസ് സ്റ്റാന്റിലേക്ക്‌ കുറച്ചു നടക്കാനുണ്ട്...ഒന്നില്‍ കൂടുതലാളുണ്ടെങ്കില്‍ ഞങ്ങള്‍ ഓട്ടോ വിളിക്കും..അന്നുമങ്ങനെ ഓട്ടോ വിളിക്കാന്‍ തീരുമാനിച്ചു..റെയ്നിടെ കയ്യില്‍ കറക്റ്റ് ആലുവ എത്താനുള്ള പൈസയെ ഉള്ളു...ഓട്ടോക്ക് എക്സ്ട്രാ ഇല്ലാ...
അതോണ്ട് മിനി ഓട്ടോക്ക് പൈസ എടുക്കാമെന്ന് സമ്മതിച്ചു..വേറൊരു ദിവസം ഞങ്ങളെടുത്താല്‍ മതിയല്ലോ...അങ്ങനെ ഓട്ടോ വിളിച്ചു....മിനി പൈസ ഒക്കെ
കയ്യിലെടുത്തിരിപ്പാന്നു ....ഓട്ടോ ഇറങ്ങി പേഴ്സ് തപ്പാനുള്ള സമയം ലാഭിക്കാമല്ലോ ...ഓട്ടോക്കാരന് കൊടുക്കാന്‍.... ട്രാന്‍സ്പോര്‍ട്ട്ബസ് സ്റ്റാന്റിലെത്തിയതും
ഒരു തൃശൂര്‍ ബസ്.....ബസ് കണ്ടാല്‍ ഞങ്ങളെല്ലാം മറക്കുമല്ലോ...ഓട്ടോക്കാരന് പൈസ കൊടുക്കണ്ട കാര്യവും അങ്ങനെ മറന്നു..ഓട്ടോ നിര്‍ത്തിയതും മിനി ബാണ്ടക്കെട്ടുമെടുത്ത് ബസിനു പിന്നാലെ ഓടെടാ ഓട്ടം...പിന്നാലെ ഞാനും..റെയ്നി പിന്നാലെ മിനി മിനി എന്ന് വിളിച്ചോണ്ട് ഓടി...
അതിന്റെ പിന്നാലെ ഓട്ടോക്കാരനും...

ഇത്രയൊക്കെ കഷ്ടപ്പെട്ട് ഓടിയിട്ടും ബസ് ബസിന്റെ പാട്ടിനു പോയി...ഞങ്ങളിങ്ങനെ ഓടുന്നതിന്റെ ഇടയില്‍ ഓട്ടോക്കാരന് പൈസ റെയ്നി തന്നെ കൊടുത്തു..
ബസ് കിട്ടാത്തതിന്റെ നിരാശയില്‍ നില്‍ക്കുന്ന ഞങ്ങളോട് റെയ്നി പറഞ്ഞു..ഇനിയേതായാലും നിങ്ങളെ വിശ്വസിച്ചു ഒരു കാര്യത്തിനും ഞാനില്ലാ...റെയ്നിക്ക് ഓട്ടോന്റെ
പൈസ കൊടുത്തു ..അവിടെ നിന്നിരുന്ന ഒരു ആലുവ ബസില്‍ കയറി അവള് പോകുകയും ചെയ്തു..ഒരുപക്ഷെ ബസ്‌ അന്ന് നിര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങലതില് കയറി പോയിരുന്നെങ്കില്‍ റെയ്നി ശരിക്കും കഷ്ടപ്പെട്ട് പോയേനെ...അതിന്റെ ഒരു കുറ്റബോധം ഉണ്ടായിരുന്നെങ്കിലും ഒരു തൃശൂര്‍ ബസും
അതിനു പിന്നാലെ ഓടുന്ന മിനിയും ഞാനും റെയ്നിയും അതിന്റെം പിന്നാലെ ഓടുന്ന ഓട്ടോക്കാരനേം കുറിച്ച് ഓര്‍ത്തപ്പോള്‍ ചിരി അടക്കാനായില്ലാ...

Friday 16 March 2012

ബസ് ടിക്കറ്റ്‌

വീണ്ടും എഴുതാന്‍ തോന്നിയപ്പോള്‍ ആദ്യം തോന്നിയ സംഭവമാണിത്...കോളേജില്‍ പഠിക്കുന്ന കാലം..
ഹോസ്റ്റെലിലാണ് താമസം ..മിക്കവാറും എല്ലാ ആഴചയും മുഷിഞ്ഞ തുണികളുടെ ബാണ്ടകെട്ടുമായി വീട്ടിലേക്കു പുറപ്പെടും..
രണ്ടര മണിക്കൂര്‍ യാത്ര ആണ്..അത് ശരിക്കും നല്ല യാത്രകളായിരുന്നു...വളരെ സന്തോഷത്തിലായിരിക്കും
അതിനിടെ കുറെ വിറ്റുകളും ഉണ്ടാകാറുണ്ട്...അതിലൊന്നാണ് ഞാന്‍ പറയാന്‍ പോകുന്നത്...

കോതമഗലത്ത് നിന്നും തൃശൂര്‍ക്ക് ഡയറക്റ്റ് ബസ്‌ ഉണ്ട്..അത് 4 .25 ആണെന്നാണ്‌ ഓര്‍മ...അതില്‍ കയറിയാല്‍ ചാലക്കുടിയില്‍
ഇറങ്ങി ഇരിഞ്ഞ്ഞ്ഞലക്കുടക്ക് ബസ്‌ കിട്ടും...അതാണ് എളുപ്പം...രണ്ടു ബസ്‌ കയറിയാല്‍ മതി...ഇരിക്കാന്‍ സീറ്റും കിട്ടും..
ബുദ്ധിയുള്ളവര്‍ അങ്ങിനെയാണ് ചെയ്യുക . ..4 .05 നു ഞങ്ങള്‍ ബസ് സ്ടാന്റിലെത്തും...അങ്ങിനെ എത്തിയാല്‍ 20 മിനിറ്റ് കാത്തിരിക്കണം..... എന്നാല്‍ ഞങ്ങള്‍ രണ്ടു പേര്‍ ഞാനും മിനിയും (ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന
പോലാണ്‌ ഞങ്ങള്‍), എങ്ങനേലും ഞങ്ങള്‍ക്ക് വേഗം വീട്ടിലെത്തണം...അതിനെന്തു ചെയ്യുമെന്നോ... പെരുംബാവൂര്‍ക്ക് എപ്പോഴും
ബസുണ്ട്...അതില്‍ കയറും...ചിലപ്പോഴങ്ങാനും ഭാഗ്യത്തിന് പെരുംബാവൂരുന്നു തൃശൂര്‍ക്കുള്ള(കോതമംഗലം വഴി വരുന്നതിനു മുന്ന് വരുന്നത് )
ബസ്‌ പെട്ടെന്ന് കിട്ടും...പക്ഷെ അതിനുള്ള സാധ്യത വളരെ വിരളമാണ്...മിക്കവാറും ഞങ്ങള്‍ക്ക് കോതമംഗലം വഴി വരുന്ന ബസ്‌ തന്നെ കിട്ടും..
പെരുംബവൂര്‍ന്നു ഒരുപാട് പേരുണ്ടാകും കേറാന്‍...അത് കൊണ്ട് ഞങ്ങള്‍ തിക്കി ഞെരിഞ്ഞു കയറി കമ്പിയില്‍ തൂങ്ങി നിക്കും...ഞങ്ങളുടെ
കോളേജില്‍ നിന്ന് വരുന്ന മറ്റു ബുദ്ധിയും വിവരവുമുള്ളവര്‍ മനോഹരമായി വര്‍ത്തമാനങ്ങളും പറഞ്ഞു സീറ്റിലിരുന്നു സുഭിക്ഷമായി വരുന്നുണ്ടാകും..
ഞങ്ങള്‍ ആ വശത്തേക്ക് നോക്കാറേയില്ല....

ഇത് മിക്കവാറും ദിനങ്ങളില്‍ സംബവിക്കാരുള്ളതാണ് ...അങ്ങിനെയൊരു പതിവ് ദിനം...ഞങ്ങള്‍ കഷ്ടപ്പെട്ട് ബസില്‍ കയറി..കണ്ടക്ടര്‍ ടിക്കറ്റ്‌ തന്നു..എന്‍റെ
കൂടി ടിക്കറ്റ്‌ മിനി ആണ് എടുത്തത്‌...നല്ല തിരക്കുണ്ട്‌ ..ഞങ്ങള്‍ കമ്പിയില്‍ തൂങ്ങി നിന്ന് സംസാരം തുടങ്ങി.. മിക്കവാറും ഇത്തരം ബസ് യാത്രകളില്‍ സംസാരിക്കാന്‍
ഒരുപാടുണ്ടാകും...എന്തൊക്കെ വിഷയങ്ങള്‍...അല്ലാത്ത സമയത്ത് പറയാനോന്നുമില്ലാ..അങ്ങനെ സംസാര സാഗരത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് കണ്ടക്ടര്‍
സാര്‍ വീണ്ടും വരുന്നു ..ടിക്കറ്റ്‌ ചോദിക്കുന്നു...ആനക്കാര്യത്തിന്റെ എടെലൊരു ചേനക്കാര്യം എന്ന് ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു കൊണ്ട് മിനി ബാഗ് തുറന്നു..
ഞാന്‍ നോക്കുമ്പോള്‍ മിനി ബാഗില്‍ തപ്പലോ തപ്പല്‍ ..എന്തോ പന്തികേട് .....ഞാന്‍ മിനിയുടെ ബാഗിലേക്കു നോക്കി...ബാഗില്‍ പല നിറങ്ങളില്‍ പല വര്‍ണങ്ങളില്‍
ഒരായിരം ടിക്കെറ്റുകള്‍....അതില്‍ നിന്നും ഈ ബസിന്‍റെ ടിക്കെറ്റു തപ്പിയെടുക്കുക എന്നത് തികച്ചും അസാദ്യം...കണ്ടക്ടരാണേല്‍
ഞങ്ങളുടെ മുഖത്ത് നോക്കി നില്‍പ്പാണ്..അവസാനം മിനി ബാഗ്‌ കണ്ടക്ടറുടെ മുന്നിലേക്ക്‌ തുറന്നു കാണിച്ചു..ഇഷ്ടമുള്ളതെടുത്തോ എന്ന ഭാവത്തില്‍...
അയാള്‍ അമ്പരപ്പോടെ ഞങ്ങളുടെ മുഖത്ത് നോക്കി ഇതൊക്കെ എന്തിനാ കഞ്ഞി വെച്ച് കുടിക്കാനാണോ എന്നൊരു ഡയലോഗും കാച്ചി ഞങ്ങളുടെ
അടുത്ത് നിന്ന് പോയി...വേറെ ടിക്കെറ്റെടുപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍...

Sunday 18 November 2007

എറുമ്പ്

ഈ നശിച്ച സാധനം.....ദേഷ്യം വരുന്നുണ്ട്....എന്ത് കടിയാ ഈ കടിക്ക്ണേ....ഇവനൊന്നും എന്നെ ശരിക്കറിഞ്ഞു കൂടാ...ഇവനെ പോലത്തെ എത്ര എണ്ണത്തെ ഞാന്‍ നിലംപരിശാക്കിയിരിക്ക്ണൂ...അതു വല്ലതും ഇതിനറിയുമോ.....

മനസംയമനം വീണ്ടെടുത്ത് ആ എറുമ്പിന്‍റ്റെ അടുത്തേക്കു ചുണ്ടടുപ്പിച്ചു ഞാന്‍ പറഞ്ഞ് നോക്കി.... എടോ നിന്നെ പോലുള്ള നൂറുകണക്കിന്‌ എറുമ്പുകളെയും ഈച്ചകളേയും പാറ്റകളെയും കാലപുരിക്കയചിട്ടുള്ളതാണ്‌ ഞാന്‍.അതുകൊണ്ട് ജീവന്‍ വേണമെങ്കില്‍ കടി നിര്‍ത്തി....ഓടിരക്ഷപ്പെട്ടോളു...

ഇത്രയൊക്കെ പറഞ്ഞിട്ടും അവനൊരു കുലുക്കോമില്ല...ഇവനൊക്കെ ആരെടെ എന്ന മട്ടില്‍ പഴയതിലും തീവ്രമായി കടി തുടരുന്നു...മഹാപാപി....

നാശം....ഇന്നു പരീക്ഷയായിപ്പോയി....

കഴിഞ്ഞ പ്രാവശ്യം പരീക്ഷക്കു പൊക്ണേലും മുന്‍പ്‌ ഒരു പട്ടിയെ കല്ലെടുത്തെറിഞ്ഞതോണ്ടാണ്‌ അതു വരെ ക്ലാസ്സില്‍ ഫസ്റ്റായിരുന്ന എന്നെ ആ മീനാക്ഷി വെട്ടിച്ചത്.......ഇന്നേതായാലും അത്ണ്ടാവരുത്.....പക്ഷേ....ഈ എറുമ്പ് എന്‍റ്റെ കണ്‍ട്രോള്‍ കളയുംന്നാ തോന്നുന്നേ.......

ഒരു അയിഡിയാ തലയില്‍ ക്ലിക്കിയിതപ്പോഴാണ്.....

അകലെ കിടന്നിരുന്ന കമ്പെടുത്ത് എറുമ്പിനെ പതുക്കെ അടര്‍ത്തി എറിഞ്ഞു...എന്തായാലും കടി നില്‍ക്കുമല്ലോ....

അപ്പോഴാണ്‌ അനേകായിരം എറുമ്പുകളുടെ കൊലയാളിയെ കടിച്ചെന്ന മട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അവനെന്‍റ്റെ കണ്ണില്‍പ്പെട്ടത്‌.... അതിനെ നോക്കി പല്ലിറുക്കാനേ എനിക്കു കഴിഞ്ഞുള്ളൂ....കാരണം ഇന്നു പരീക്ഷയല്ലേ................